കുതിക്കാനൊരുങ്ങി സ്‌പെയ്‌സ് പാർക്ക്

മിൽജിത് രവീന്ദ്രൻ
Published on Jun 18, 2025, 01:36 AM | 1 min read
തിരുവനന്തപുരം
കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് ഊർജം പകർന്ന് കേരള സ്‌പെയ്‌സ് പാർക്ക് (കെ സ്‌പെയ്‌സ്) ഒരുപടികൂടി മുന്നേറുന്നു. ബഹിരാകാശം, പ്രതിരോധം, വ്യോമയാന മേഖലകളിലെ വ്യവസായം പ്രോത്സാഹിപ്പിക്കാൻ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത സ്‌പെയ്‌സ് പാർക്കിനായുള്ള കോമൺ ഫെസിലിറ്റി സെന്ററിനും ഗവേഷണ വികസന കേന്ദ്രത്തിനും വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും.
പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 3.5 ഏക്കറിൽ രണ്ടു ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം നിർമിക്കുക. നബാർഡിന്റെ സാമ്പത്തിക പിന്തുണയോടെയാണ് നിർമാണം. 30 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഐഎസ്‌ആർഒയുടെ വിഎസ്‌എസ്‌സി, എൽപിഎസ്‌സി, ഐഐഎസ്‌യു എന്നീ മൂന്ന് സ്ഥാപനങ്ങളാണ് തിരുവനന്തപുരത്തുള്ളത്. ഇതിനുപുറമെ ഏഷ്യയിലെ ഏക ബഹിരാകാശ വിദ്യാഭ്യാസകേന്ദ്രമായ ഐഐഎസ്‌ടി, ഡിആർഡിഒയുടെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് തുടങ്ങിയ സ്ഥാപനങ്ങളും തലസ്ഥാനത്തുണ്ട്. ഇവർ തുറന്നുതരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് സ്‌പെയ്‌സ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. വിപുലമായ തൊഴിലവസരങ്ങൾക്കൊപ്പം, ബഹിരാകാശ മേഖലയിൽ വൻനിക്ഷേപത്തിനും സ്‌പെയ്‌സ് പാർക്ക് വഴിയൊരുക്കും.
അടുത്തഘട്ടം കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിക്കാനും ലക്ഷ്യമിടുന്നു. വ്യവസായം, അക്കാദമിക് മേഖല, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ പ്രധാന ബഹിരാകാശ സാങ്കേതികവിദ്യ കേന്ദ്രമാകാൻ സ്‌പെയ്‌സ് പാർക്കിനു കഴിയും.
സ്‌പേസ്‌പാർക്ക് സ്ഥാപിതമായശേഷം പ്രധാന നാഴികക്കല്ലുകൾ കൈവരിക്കാനായി. 58 കമ്പനികളും 11 പ്രമുഖ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളും സ്‌പെയ്‌സ് പാർക്കുമായി അഫിലിയേറ്റ് ചെയ്‌തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലായി 4, 412 പേർക്ക് തൊഴിൽ ലഭിച്ചു. 1,301.80 കോടിരൂപയുടെ മൂലധന നിക്ഷേപവും 729.78 കോടി വാർഷിക വിറ്റുവരവും രേഖപ്പെടുത്തിയിട്ടുണ്ട്.









0 comments