മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലേർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റത്തെ തുടർന്ന് ഞായറാഴ്ച (നാളെ) വിവിധ ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. എന്നാൽ ഇന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ടായിരിക്കും.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ:
ജൂൺ 6 (ഇന്ന്): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട്.
ജൂൺ 7 (നാളെ): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട്.
ജൂൺ 8: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട്.
ജൂൺ 9: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
ജൂൺ 10: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്.
പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ:
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
ശക്തമായ മഴയുള്ളപ്പോൾ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ മീൻപിടിക്കാനോ പാടില്ല. മേൽപ്പാലങ്ങളിൽ കയറി കാഴ്ചകൾ കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം.
വിനോദയാത്രകളും അത്യാവശ്യമല്ലാത്ത മറ്റു യാത്രകളും മഴ മുന്നറിയിപ്പ് മാറുന്നത് വരെ പരമാവധി ഒഴിവാക്കുക.
വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക. അപകടം ശ്രദ്ധയിൽപെട്ടാൽ 1912 എന്ന നമ്പറിൽ KSEB-യെ അറിയിക്കുക.
അടിയന്തര സഹായങ്ങൾക്കായി എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായം ആവശ്യമുള്ളവർ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടുക.










0 comments