ad
Deshabhimani

കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾ അസ്തമിച്ചു; ജോൺ ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Aug 04, 2026, 09:32 AM | 2 min read

ന്യൂഡൽഹി : കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നങ്ങളായ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയും അതിവേഗ റെയിൽപ്പാതയും കേന്ദ്രം പൂർണമായും ഉപേക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം കേരളത്തിന് ഇനി വേഗതയേറിയ തീവണ്ടിപ്പാത വേണ്ട എന്ന് തീരുമാനിച്ചതായാണ് പരോക്ഷമായി കേന്ദ്രമന്ത്രി പറയുന്നത്. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് കേരളത്തോടുള്ള കടുത്ത അവഗണന വ്യക്തമാകുന്നത്.


ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധ അതിവേഗ പാത യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും സാധ്യമല്ല. ഇ ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നു വെച്ചതിനാൽ അതിലും ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. റെയിൽവേയുടെ മൂന്നും നാലും പാതകളുടെ സർവേകളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും മാത്രമാണ് മറുപടിയിൽ പറയുന്നത്. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന എന്നാൽ എങ്ങുമെത്തിയിട്ടുമില്ലാത്ത പദ്ധതിയെ കുറിച്ചാണ് കേന്ദ്രം വിശദീകരണം നൽകിയത്.


റെയിൽവേ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മം​ഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മൂന്നും നാലും പാതകളുടെ പഠനവും സർവേയും എത്രയോ കാലങ്ങളായി തുടരുകയാണെന്നും അതൊരു 25 വർഷം കഴിഞ്ഞാലും യാഥാർഥ്യമാകില്ലെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങൾ പൂർണമായും ഇല്ലാതായിരിക്കുകയാണെന്നും എംപി പറഞ്ഞു.


പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ മന്ത്രിയുടെ ഉത്തരത്തിൽ നിന്ന് വ്യക്തമാണ്. കഞ്ചിക്കോട് ഒരു ഫാക്ടറി കേന്ദ്രത്തിന്റെ പദ്ധതിയിലില്ലെന്നും ഇതിനായി ഏറ്റെടുത്ത സ്ഥലം റെയിൽവേ വിട്ടുകൊടുക്കില്ലെന്നും, ഭാവിയിൽ എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അതിന് ഉപയോ​ഗിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞതായും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.


കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇ ശ്രീധരന്റെ മുന്നോട്ട് വച്ച പദ്ധതി പരി​ഗണനയിലുണ്ടെന്നും അത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് തന്നെ റെയിൽവേ മന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇ ശ്രീധനരന്റെ പദ്ധതി ചവറ്റുകൊട്ടയിൽ എറിഞ്ഞതോടെ ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവേ മന്ത്രാലയം ഒഴിഞ്ഞു മാറിയിരിക്കുകയാണെന്നും എംപി ആരോപിച്ചു.


ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണക്കുന്ന കാലത്ത് 2008-09 ബജറ്റിൽ ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ച പദ്ധതിയാണ് പാലക്കാട് കോച്ച് ഫാക്ടറി. എന്നാൽ ആ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുമ്പോട്ട് പോയില്ല. 2012-13ലെ ബജറ്റിൽ ജോയിന്റ് വെഞ്ച്വർ പദ്ധതിയാക്കി മാറ്റിയെടുത്തെങ്കിലും അതും പ്രാവർത്തികമാക്കാതെയാണ് കോൺ​ഗ്രസ് അധികാരത്തിൽ നിന്ന് പോയത്. ഇ ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതി നിലവിലുള്ള മാതൃകയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വിദ​ഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മൊത്തത്തിൽ കേരളത്തിന്റെ റെയിൽവേ വികസന കാര്യത്തിൽ വലിയൊരു തിരിച്ചടിയാണിത്. നിലവിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കേന്ദ്ര സർക്കാരിന്റെ അവഗണനയും പൂർണമായും വ്യക്തമാക്കുന്നതാണ് ഈ മറുപടികളെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home