ad
Deshabhimani

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കാൻ നിർദേശം

kseb
വെബ് ഡെസ്ക്

Published on Sep 24, 2026, 03:46 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് അസാധാരണമായ കാലാവസ്ഥയെ തുടർന്ന് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഊർജ്ജ നിയന്ത്രണ (ഡിമാൻഡ് സൈഡ് മാനേജ്‌മെന്റ്) നടപടികൾ കർശനമാക്കാൻ സർക്കാർ നിർദേശം നൽകി. സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂണിറ്റും പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടും തൊട്ട പശ്ചാത്തലത്തിലാണ് നടപടി. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന വൈകുന്നേരം 7:00 മുതൽ രാത്രി 12:00 വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം സ്വമേധയാ കുറയ്ക്കാനും, രാവിലെ 9:00 മുതൽ വൈകിട്ട് 4:00 വരെയുള്ള സോളാർ സമയത്തേക്ക് ഉയർന്ന ലോഡുകൾ മാറ്റാനും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് പവർ വകുപ്പ് അഭ്യർത്ഥിച്ചു.


എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ക്രമീകരിക്കണമെന്നും അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങിയ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റേണ്ടതാണ്. ഒപ്പം ബി.എൽ.ഡി.സി ഫാനുകൾ ഉൾപ്പെടെയുള്ള ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിർദേശിക്കുന്നു.


കേരള വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് പ്രവർത്തനങ്ങൾ സാങ്കേതികമായി സാധ്യമാകുന്നിടത്തോളം പകൽ സമയത്തേക്ക് മാറ്റാനും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഊർജ്ജം കൂടുതൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ ഓഫ്-പീക്ക്/സോളാർ സമയങ്ങളിലേക്ക് പുനഃക്രമീകരിക്കാനും നിർദേശമുണ്ട്. എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി.എല്ലും എനർജി മാനേജ്‌മെന്റ് സെന്ററും നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും പവർ സെക്രട്ടറി എം.ജി. രാജമാണിക്യം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home