സ്വന്തം പ്രവൃത്തി ദോഷങ്ങളിൽനിന്ന് രക്ഷപെടാൻ പൊലീസിനെതിരെ വാർത്തകൾ സൃഷ്ടിക്കുന്നു: കെപിഒഎ

kerala police officers association
വെബ് ഡെസ്ക്

Published on Sep 19, 2025, 03:03 PM | 2 min read

തിരുവനന്തപുരം : ചില രാഷ്ട്രീയ പാർടികൾ അവരിൽ ചിലരുടെ പ്രവൃത്തിദോഷങ്ങൾ വിവാദമാകുമ്പോഴും അവർക്കിടയിലെ തമ്മിലടികൾ അപകടകരമാകുമ്പോഴും അതിൽനിന്നുള്ള മോചനത്തിനായി പൊലീസിനെതിരെ വാർത്തകൾ സൃഷ്ടിക്കുന്നതായി കേരള പൊലീസ്‌ ഓഫീസേഴ്സ്‌ അസോസിയേഷൻ (കെപിഒഎ) സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇപ്പോൾ കേരള പൊലീസിനെതിരെ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പലതും സമാനരൂപത്തിലുള്ളതാണ്. സർക്കാരിനെ ഇകഴ്‌ത്താൻ കൃത്യമായ ചില അജണ്ടകളിൽനിന്നുകൊണ്ടുള്ള ദുഷ്പ്രചരണം മാത്രമാണിതെന്നും കെപിഒഎ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.


പൊലീസിനെതിരായ ആരോപണങ്ങൾ ചിലർ ഉയർത്തുമ്പോൾ അത് വീണുകിട്ടുന്ന സുവർണാവസരം എന്ന നിലയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏറ്റെടുക്കുന്നത്‌ ഉചിതമാണോ എന്ന്‌ പരിശോധിക്കണം. ആരോപണമുയർത്തുന്നതാര്? ആരോപണത്തിൽ വസ്തുത ഉണ്ടോ? എന്തിനാണ്‌ പൊലീസുമായി ഇടപെടേണ്ടി വന്നത്? അയാളുടെ മുൻകാല ചെയ്തികൾ എന്ത് എന്നുപോലും പരിശോധിക്കാതെ ഭരണകൂടത്തെ ഇകഴ്‌ത്താൻ പൊലീസിനെതിരെ തിരിയുന്ന രീതി അത്യന്തം ഖേദകരമാണ്‌. ഇപ്പോൾ പൊലീസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ മുമ്പും ചർച്ച ചെയ്യപ്പെട്ടതാണ്‌. കഴിഞ്ഞ ഇരുപത്‌ വർഷമായി ഉണ്ടായിട്ടുള്ള ഇത്തരം ചില സംഭവങ്ങൾ ഒരുമിച്ചെടുത്തു ഇന്ന് സംഭവിച്ചെന്ന രീതിയിൽ ചർച്ചകളാക്കുന്നു. കൃത്യമായ ചില അജണ്ടകളിൽ നിന്നുകൊണ്ടുള്ള ദുഷ്പ്രചരണം മാത്രമാണിത്. ഉയർന്നുവന്ന ആരോപണങ്ങളിൽ പലതും പൊലീസ് ഉദ്യോഗസ്ഥർ നിയമപരമായും നീതിപൂർവവും പ്രവർത്തിച്ചതിന്റെ ഭാഗമായി തിരിച്ചടികൾ നേരിട്ടവരിൽ ചിലരാണ് ഉയർത്തുന്നത്‌.


കേരളത്തിലെ സമസ്തവിഭാഗങ്ങളേയും വിലയിരുത്തിയാൽ പോസിറ്റീവായ മാറ്റങ്ങളിലൂടെ ഏറ്റവും കൂടുതൽ നവീകരിക്കപ്പെട്ട വിഭാഗമാണ്‌ പൊലീസ്. ഈ മാറ്റം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടുമില്ല. ജനമൈത്രീ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സോഷ്യൽ പൊലീസിങ്ങിലേക്ക് മാറിയ നമ്മുടെ പൊലീസിനെ പൊതുസമൂഹം കുടുതൽ ചേർത്ത് പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്തരം ഗുണകരമായ പരിഷ്കരണവും അതിലൂടെ സൗഹാർദപരമായ പ്രവർത്തന രീതിയിലേക്കും മാറിയപ്പോൾ അത് ഒരു ദൗർബല്യമായി കണ്ട് പൊലീസിനെ ആക്രമിക്കുന്ന പ്രവണത കേരളത്തിൽ വർധിച്ചു വരുന്നു.


ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും പൊലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ചതിനും ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുന്നു. സമയ ക്ലിപ്തതയില്ലാതെ ഒട്ടേറെ സമ്മർദ്ദങ്ങൾ അനുഭവിച്ചുകൊണ്ട് ജോലി ചെയ്തുവരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷങ്ങൾ നടത്തി നിരന്തരം കയ്യേറ്റങ്ങൾ നടത്തുന്ന ദേശീയപാർട്ടിയുടെ ഒരു നേതാവിനെ പ്രബുദ്ധകേരളം കണ്ടുകൊണ്ടിരിക്കുന്നു. അണികൾക്കിടയിൽ താൽക്കാലിക ആവേശമുണ്ടാക്കാൻ ഇവർക്ക് കഴിയുമെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്യാനുള്ള ഒരു പരോക്ഷ ആഹ്വാനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.


പ്രതിഷേധങ്ങളും പ്രകടനങ്ങളും കുടുംബാംഗങ്ങൾ ഉൾപ്പെടെ താമസിക്കുന്ന സ്വകാര്യ ഭവനങ്ങളിലേക്ക് മാറുന്ന കാഴ്ചയ്ക്കും നാം സാക്ഷിയാകുന്നു. അങ്ങനെ സ്വന്തം ഭവനത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തിയതിനെതിരെ പൊട്ടിത്തെറിച്ച രാഷ്ട്രീയ നേതാവിന്റെ അണികൾ തന്നെ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് അത്യന്തം ഖേദകരമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട വിഭാഗമാണ് പൊലീസ്. സമരരീതികളിലെ അപചയങ്ങളുടെ ഭാഗമാണെങ്കിലുംഏതെങ്കിലും പ്രസ്ഥാനങ്ങൾ ആരുടെയെങ്കിലും സ്വകാര്യ ഭവനങ്ങളിലേക്ക് മാർച്ച് നടത്തിയാൽ പൊലീസ് സംവിധാനം അത് തടഞ്ഞ് സുരക്ഷിതത്വം ഉറപ്പാക്കുക തന്നെ വേണം.


എന്നാൽ ആരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കാണ് മാർച്ച് നടത്തുന്നതെങ്കിൽ അത് തടയാൻ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കരുത് എന്ന് സംസ്ഥാന പൊലീസ് മേധാവിയോട് അഭ്യർത്ഥിക്കുകയാണ്. അത്തരം പ്രവർത്തനാനന്തരം നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. പൊതുസമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് നമ്മുടെ പൊലീസ് സേനയും. സാമൂഹ്യബോധവും ജനാധിപത്യബോധവും ഇല്ലാത്ത അത്യപൂർവം ചിലരെങ്കിലും ഈ സേനയുടെ ഭാഗമായി വന്നുചേർന്നിട്ടുണ്ട്.


കേരളത്തിന്റെ പൊതുസാഹചര്യത്തിന് യോജിക്കാത്ത, പൊലീസിന്റെ പൊതുസമീപന രീതിക്ക് വിരുദ്ധമായ ചില പ്രവർത്തികൾ അത്തരക്കാരിൽ ചിലരിൽ നിന്നെങ്കിലും ഉണ്ടാകുന്നുമുണ്ട്. തിരുത്താൻ അവസരം നൽകാറുണ്ട്. തിരുത്താൻ കഴിയാത്തവരെ പൊലീസ് വകുപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു വരുന്നു. പൊലീസ്‌ വകുപ്പിനെ നവീകരിക്കുന്നതിനുള്ള ഇത്തരം നടപടികളെ പൊലീസ് സംഘടനകൾ എന്നും പിന്തുണച്ചിട്ടേയുള്ളൂ.


മനുഷ്യാവകാശലംഘനങ്ങൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടാകാൻ പാടില്ല എന്ന ഉറച്ച നിലപാട് തന്നെയാണ് പൊലീസ് സംഘടനകൾക്കുള്ളത്. തെറ്റ് ചെയ്യുന്നവരെ ഒരിക്കലും പിന്തുണയ്ക്കുന്ന സമീപനവും പൊലീസ് സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അങ്ങനെ ഉണ്ടായ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിയുകയുമില്ല. ശരിക്കൊപ്പം മാത്രമാണ് പൊലീസ് സംഘടനകൾ എന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി ആർ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home