Deshabhimani

കേരളത്തിലും ഇസ്രയേല്‍ ചാരക്കണ്ണ്; ‘സെലിബ്രൈറ്റി’നായി ആഭ്യന്തര വകുപ്പ് ഒരു കോടി മുടക്കി

cellebrite israel
വെബ് ഡെസ്ക്

Published on Nov 09, 2026, 02:40 PM | 2 min read

തിരുവനന്തപുരം: പലസ്തീനികളെ അടിച്ചമർത്താനും മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാനും ദുരുപയോഗം ചെയ്ത ഇസ്രയേലി സാങ്കേതികവിദ്യയ്ക്കായി കേരള പൊലീസ് ഒരു കോടി രൂപയോളം ചെലവിട്ടതായി വിവരങ്ങൾ. മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തകരുടെയും ഫോണുകൾ ചോർത്താനും വിവരങ്ങൾ ചോർത്താനും അന്താരാഷ്ട്രതലത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട ഇസ്രയേലി കമ്പനിയായ 'സെലിബ്രൈറ്റിന്റെ' (Cellebrite) സാങ്കേതികവിദ്യയ്ക്കാണ് കേരള ആഭ്യന്തര വകുപ്പ് തുക വകയിരുത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉപയോഗിക്കപ്പെട്ട സാങ്കേതികവിദ്യ കേരള പൊലീസും ഏറ്റെടുക്കുന്നത്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പുറത്തുവിട്ട സർക്കാർ സംഭരണരേഖകളിലാണ് കരാറിന്റെ വിവരങ്ങളുള്ളത്.


2026 ജൂലൈ 16നാണ് സെലിബ്രൈറ്റ് ഇൻസൈറ്റ്സ് (Cellebrite Inseyets) മൊബൈൽ ഡാറ്റ എക്സ്ട്രാക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി കേരള ആഭ്യന്തര വകുപ്പ് കരാർ നൽകിയത്. 99,99,910 രൂപയുടെ കരാർ അലിബി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ലഭിച്ചത്. ഫസിലിറ്റി മാനേജ്മെന്റ് സർവീസ് എന്ന വിഭാഗത്തിലാണ് കരാർ. ഇസ്രയേലി കമ്പനിയുടെ സാങ്കേതികവിദ്യയ്ക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനൊപ്പം സ്വകാര്യ സ്ഥാപനത്തെ കരാറിൽ ഉൾപ്പെടുത്തിയതും ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. പൊലീസിന്റെ കൈവശമെത്തുന്ന മൊബൈൽ ഫോണുകളിലെ വ്യക്തിഗത വിവരങ്ങളിലേക്ക് സ്വകാര്യ കരാറുകാർക്ക് പ്രവേശനം ലഭിക്കുമോ എന്നതിലും ആശങ്കയുണ്ട്.


മൊബൈൽ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അതിലെ സന്ദേശങ്ങളും ചിത്രങ്ങളും രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തെടുക്കാൻ ശേഷിയുള്ളതാണ് സെലിബ്രൈറ്റിന്റെ സാങ്കേതികവിദ്യ. പാസ്‌കോഡ് അറിയാതെയും ചില ഫോണുകളിലെ സുരക്ഷ മറികടക്കാൻ ഇതിന് കഴിയും. ഒരാളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വലിയൊരു വിവരശേഖരം തന്നെ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാകും. വ്യക്തികളുടെ ആശയവിനിമയവും ബന്ധങ്ങളും സ്വകാര്യ രേഖകളും പൊലീസിന്റെ കൈവശമെത്താൻ വഴിയൊരുക്കുന്ന സാങ്കേതികവിദ്യയാണ് കേരളത്തിലും ഉപയോഗിക്കുന്നത്. ഇതിന്റെ ദുരുപയോഗം പൗരന്മാരുടെ സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും ഗുരുതര ഭീഷണിയാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.


പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചവർക്കെതിരെയും സെലിബ്രൈറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജോർദാനിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും ഫോണുകളിലെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചതായാണ് ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബിന്റെ അന്വേഷണം വ്യക്തമാക്കുന്നത്. 2023 അവസാനത്തിനും 2025 മധ്യത്തിനുമിടയിൽ നടന്ന സംഭവങ്ങളാണ് പരിശോധിച്ചത്. ഏഴ് കേസുകളിൽ സെലിബ്രൈറ്റിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചതിന് ശക്തമായ തെളിവുകൾ കണ്ടെത്തി. പലസ്തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെട്ടുവെന്ന കണ്ടെത്തൽ കേരള പൊലീസിന്റെ കരാറിന്റെ ഗൗരവം വർധിപ്പിക്കുന്നു.


സെർബിയയിൽ മാധ്യമപ്രവർത്തകരെയും പരിസ്ഥിതി പ്രവർത്തകരെയും നിരീക്ഷിക്കാൻ സെലിബ്രൈറ്റിന്റെ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. 2024 ഡിസംബറിൽ ആംനസ്റ്റി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ സെർബിയൻ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണുകളുടെ സുരക്ഷ മറികടന്നതായി കണ്ടെത്തി. തുടർന്ന് ഫോണുകളിൽ നോവിസ്പൈ (NoviSpy) എന്ന ചാര സോഫ്റ്റ്‌വെയർ രഹസ്യമായി സ്ഥാപിക്കുകയും ചെയ്തു. ഭരണകൂട വിമർശകരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കാനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമാണ് ഈ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തത്.


സെർബിയൻ മാധ്യമപ്രവർത്തകനായ സ്ലാവിഷ മിലാനോവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന്റെ അറിവില്ലാതെ തുറന്നതായും ആംനസ്റ്റി കണ്ടെത്തി. ഫോണിന്റെ പാസ്‌കോഡ് നൽകാതിരുന്നിട്ടും സെലിബ്രൈറ്റിന്റെ ഉപകരണം ഉപയോഗിച്ച് സുരക്ഷ മറികടന്നു. പിന്നീട് ഫോണിൽ ചാര സോഫ്റ്റ്‌വെയർ സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തകനായ നിക്കോള റിസ്റ്റിച്ചിന്റെ ഫോണിലും സമാനമായ ഇടപെടൽ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാധ്യമപ്രവർത്തകരെയും ഭരണകൂട വിമർശകരെയും ലക്ഷ്യമിടാൻ ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ് ആംനസ്റ്റി പുറത്തുകൊണ്ടുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home