സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങളുടെ ബദലാണ് കേരളം: പി നന്ദകുമാർ

തിരുവനന്തപുരം: സാമ്പത്തിക മേഖലയിൽ കേന്ദ്രം പിന്തുടരുന്ന പിന്തിരിപ്പൻ നയങ്ങൾക്ക് ബദലാണ് കേരളമെന്ന് പി നന്ദകുമാർ എംഎൽഎ നിയമസഭയിൽ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആഗോള വിശപ്പ് സൂചികയിൽ വളരെ പിന്നോക്കാവസ്ഥയിലാണ് ഇന്ത്യ. എല്ലാ മേഖലയിലും തകർന്നർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. കുത്തക മുതലാളിമാർക്ക് ഉത്തേജനം നൽകുന്ന സമ്പദ് വ്യവസ്ഥയിൽ ഇതൊക്കയെ നടക്കൂ. ഇതിൽ നിന്നും വ്യത്യസ്ഥമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമ്പോൾ മാറി നിന്നവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും പി നന്ദകുമാർ പറഞ്ഞു.
സെപ്തംബർ 22ന് ഇക്കണോമിക് ടൈംസിലെ ലേഖനത്തിൽ അമേരിക്കൻ ട്രഷറി പൂട്ടുമെന്ന് റിപ്പോർട്ട് വന്നിരുന്നു. നവലിബറലിസം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്. ലോക രാഷ്ട്രങ്ങളുടെ ഭൂരിപക്ഷവും കടക്കെണിയിലാണ്. കടം കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രതിസന്ധിയല്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതിയും ഇക്കാര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്.
അടുത്തിടെ ജാതി സർവേ നടന്ന സംസ്ഥാനമാണ് ബിഹാർ. ജനസംഖ്യയിലെ 34.1 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ട്. ഇതാണ് ഇന്ത്യയുടെ അവസ്ഥ. എന്നാൽ കേരളത്തിന്റെ സ്ഥിതി അതാണോ എന്നും പി നന്ദകുമാർ ചോദിച്ചു. ഈ നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. ഇന്ത്യയിലെ 64 ശതമാനം ജനങ്ങൾക്കും 10000 രൂപ പോലും മാസവരുമാനമില്ല.
ഇത് അഞ്ച് ട്രില്യൺ ജിഡിപിയിലേക്ക് മാറുമെന്നാണ് മോദി സർക്കാർ പറയുന്നത്. കൺട്രോൾ ആൻഡ് ഒഡിറ്റർ ജനറലിന്റെ കണക്കനുസരിച്ച് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനത്തിലധികം പൊതുകടമുള്ള എട്ട് സംസ്ഥാനങ്ങളുണ്ട്. എന്നാൽ അതിൽ കേരളമില്ല. 35 ശതമാനത്തിലധികം പൊതുകടമുള്ള 14 സംസ്ഥാനങ്ങളിലും കേരളം ഉൾപ്പെടുന്നില്ല. 21.7 ശതമാനമാണ് കേരളത്തിന്റെ പൊതുകടം. സംസ്ഥാനത്തെ നികുതി പിരിവിലെ വരുമാനത്തിൽ നിന്നാണ് കടം നിയന്ത്രിക്കാനായതെന്നും നന്ദകുമാർ എംഎൽഎ പറഞ്ഞു.
2011-2016 യുഡിഎഫ് ഭരണത്തിൽ മൂലധന ചെലവ് 29,689 കോടിയും ആകെ ചെലവ് 3,40,144 കോടിയുമായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ 56,432 കോടിയും, രണ്ടാം പിണറായി സർക്കാറിൽ 76,286 കോടി രൂപയുമായിരുന്നു ആകെ മൂലധന ചെലവ്. ഒന്നാം പിണറായി സർക്കാരിൽ 5,85,959 കോടി രൂപയും രണ്ടാം പിണറായി സർക്കാരിൽ ഇതുവരെ 7, 32,580 കോടി രൂപയുമാണ് ആകെ ചെലവ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1, 62,018 ആയിരുന്നു സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇത് 2,37,264 കോടിയായി. രണ്ടാം പിണറായി സർക്കാരിൽ ഇതുവരെ 3,13,520 കോടിയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം. ഇത് സ്വർണം ഉൾപ്പെടെയുള്ളവയിൽ നിന്നും നികുതി പിരിച്ചുകൊണ്ടുള്ള വരുമാനമാണെന്നും നന്ദകുമാര്‍ സഭയിൽ വ്യക്തമാക്കി.









0 comments