'കേരള സ്റ്റോറി 2' ടീസർ നീക്കാമോ എന്ന് നിർമാതാക്കളോട് ഹൈക്കോടതി; വിധിക്ക് മുൻപ് ചിത്രം നേരിട്ട് കാണും

കൊച്ചി: കേരളത്തെ അപമാനിക്കുന്ന ചിത്രം 'കേരള സ്റ്റോറി 2' വിധി പറയുന്നതിന് മുൻപ് നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം. ചിത്രത്തിലെ ഉള്ളടക്കം വിദ്വേഷം പടർത്തുന്നതാണോ എന്നും കേരളത്തെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനാണ് ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് സിപി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നീക്കം.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി അഡ്വക്കേറ്റ് കെ വിൻസെന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിന്റെ പ്രമേയം സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ കാരണമാകുമെന്ന ഹർജിക്കാരുടെ വാദം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ട്രെയിലറിലെ ചില ഭാഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹർജിയിൽ പറയുന്നു. സിനിമ ഒരു കലാരൂപമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയരുതെന്നുമാണ് നിർമ്മാതാക്കളുടെ നിലപാട്.
സിനിമ കണ്ടതിന് ശേഷം മാത്രം വിധി പറയണമെന്ന നിർമ്മാതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിക്കായി പ്രത്യേക പ്രദർശനം ഒരുക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. പ്രദർശനത്തിന് ശേഷം ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സിനിമയ്ക്ക് പിന്നിലെന്ന് കേരളത്തിലെ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ നേരത്തെ വിമർശിച്ചിരുന്നു. ആദ്യ ഭാഗത്തിന് പിന്നാലെ വീണ്ടും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ആക്ഷേപം ശക്തമാണ്.










0 comments