print edition സെൻസർ ബോർഡിന്റെ കടുംവെട്ട്: ‘ഹാൽ’ സിനിമയും ഹെെക്കോടതി കാണും

സ്വന്തം ലേഖിക
Published on Oct 18, 2025, 12:04 AM | 1 min read
കൊച്ചി: സെൻസർ ബോർഡ് കടുംവെട്ട് വേണമെന്നാവശ്യപ്പെട്ട, ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമ ഹൈക്കോടതി കാണും. എപ്പോൾ, എവിടെവച്ച് കാണുമെന്ന് ഹർജി വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് ജസ്റ്റിസ് വി ജി അരുൺ അറിയിച്ചു. ഹർജിയിലെ കക്ഷികളുടെ അഭിഭാഷകർക്കൊപ്പമാകും കാണുക. സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ ചോദ്യത്തിനോടാണ് കോടതി അനുകൂല തീരുമാനം അറിയിച്ചത്. അതേസമയം സിനിമയുടെ ഉള്ളടക്കം മതസൗഹാർദത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് കാത്തോലിക്കാ കോൺഗ്രസ് കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം 19 ഭാഗങ്ങൾ വെട്ടണമെന്ന സെൻസർ ബോർഡ് നടപടി ചോദ്യംചെയ്‌ത് സംവിധായകനും നിർമാതാവും നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖികെട്ടൽ എന്നീ സംഭാഷണങ്ങളും പരാമര്‍ശങ്ങളും വെട്ടിമാറ്റാനാണ് നിര്‍ദേശം. ഇവ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. കോടികൾ മുടക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും സെൻസർ ബോർഡിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ വാദിച്ചു. ജെവിജെ പ്രൊഡക്‌ഷന്റെ ബാനറിൽ വീര (മുഹമ്മദ് റഫീഖ്) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാല്‍. മുമ്പ് സെൻസർ ബോർഡിന്റെ കടുംവെട്ട് നിർദേശം വന്നപ്പോൾ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയും കോടതി കണ്ടിരുന്നു.









0 comments