ബസിൽ ക്യാമറ വേണം, ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസും ആവശ്യം; എതിർപ്പ് തള്ളി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകൾക്ക് നിയമപരമായ നിബന്ധനകളിൽ ഇളവുകൾ ഇല്ലെന്ന് ഹൈക്കോടതി. പൊതു താത്പര്യം മുൻനിർത്തിയുള്ള നടപടികളിൽ വിട്ടുവീഴ്ചയില്ല. മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബസിന്റെ മുന്നിലും പിന്നിലും അകത്തും ക്യാമറ സ്ഥാപിക്കണം. വാഹനം ഓടുന്ന ഗതി കൃത്യമായി അറിയാൻ ജിയോ ഫെൻസിങ് സംവിധാനം ഉറപ്പാക്കണം.
അമിതവേഗവും മോശം പെരുമാറ്റങ്ങളും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന നിബന്ധനകൾ ഹൈക്കോടതി ശരിവെച്ചു. സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി ജനുവരിയിലെടുത്ത തീരുമാനവും ട്രാൻസ്പോർട്ട് കമ്മിഷണർ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറും ചോദ്യംചെയ്യുന്ന ഹർജികൾ ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് തള്ളി.
കാമറ സ്ഥാപിക്കുന്നതിൽ കോടതി ഒക്ടോബർ 10 വരെ സമയം അനുവദിച്ചു. തങ്ങളുടെ അഭിപ്രായം കേൾക്കാതെ സർക്കാർ തീരുമാനമെടുത്തു. ഇതുകാരണം തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും എന്നിങ്ങനെയായിരുന്നു ഹർജിക്കാരുടെ വാദം.
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനടക്കം നൽകിയ ഒരുകൂട്ടം പരാതികളാണ് കോടതി പരിഗണിച്ചത്.
വിദ്യാർഥികളോട് വിവേചനം വേണ്ട
ഡ്രൈവർമാരുടെ അശ്രദ്ധകാരണം അപകടങ്ങൾ വർധിക്കുന്നത് സർക്കാർ ചൂണ്ടികാട്ടി. വിദ്യാർഥികളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും തുടർച്ചയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ക്ലിയറന്സ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. 2023-നും 2025-നും ഇടയിൽ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങൾ ഉണ്ടായെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനമാണ്. ഇതിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർക്കാർ ബന്ധപ്പെട്ടവരെ കേൾക്കേണ്ടതില്ല.
കോടതി നേരത്തെ മുന്നറിയിപ്പ് നൽകി
കോടതിയുടെ നിരവധി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗിനും തുടർന്നുള്ള അപകടങ്ങൾക്കും ഒരു പരിഹാരവുമില്ലെന്ന് ഈ മാസം ആദ്യം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും പ്രതിരോധ നടപടികൾ സ്വീകരിക്കണം. 'അശാസ്ത്രീയമായ' ഷെഡ്യൂൾ അശ്രദ്ധമായ ഡ്രൈവിംഗിന് ഒരു ഒഴികഴിവുമല്ലെന്നും, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ബസുകളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും കോടതി വിമർശിച്ചിരുന്നു.
ബസുകളുടെ ഷെൽഫ് ലൈഫ് 15 വർഷമായി പരിമിതപ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളമാണെങ്കിലും, പിന്നീട് സ്വകാര്യ ബസ് ഉടമകളുടെ അഭ്യർത്ഥന കണക്കിലെടുത്ത് ബസുകളുടെ പ്രായപരിധി 20 വർഷമായും പിന്നീട് 22 വർഷമായും സംസ്ഥാനം ഉയർത്തി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കാനും സ്ക്രാപ്പ് ചെയ്യാനുമാണ് കേന്ദ്ര നിർദ്ദേശം.









0 comments