Deshabhimani

കിടപ്പുരോഗികളുടെ രക്തസാമ്പിൾ ശേഖരിക്കുന്നതിൽ പ്രതിസന്ധി; ആരോഗ്യവകുപ്പിൽ തർക്കം

Blood.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 05, 2026, 10:22 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വാർഡിൽ കഴിയുന്ന കിടപ്പുരോഗികളുടെ രക്തസാമ്പിൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ തർക്കം. ആശുപത്രികളിലെ ലാബ് ടെക്‌നീഷ്യന്മാരും നഴ്സുമാരും തമ്മിലാണ് തർക്കം.


ജീവനക്കാരുടെ അഭിപ്രായം ആരായാതെ ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച സർക്കുലറുകളും പുറത്തിറക്കുന്നതാണ് ജീവനക്കാർ തമ്മിൽ തർക്കത്തിൽ കലാശിച്ചത്. ലാബുകളിൽ നിലവിൽ ടെക്‌നീഷ്യന്മാരുടെ കടുത്ത ക്ഷാമമുണ്ട്. പലപ്പോഴും നിലവിലുള്ള ജീവനക്കാർ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ്.


അതിനാൽ ആശുപത്രി ഡ്യൂട്ടിയും ലാബ് പരിശോധനകളും കഴിഞ്ഞ് വാർഡുകളിലെത്തി കിടപ്പുരോഗികളുടെ രക്തം ശേഖരിക്കാൻ പ്രായോഗികമായി പ്രയാസമുണ്ടെന്നാണ് ലാബ് ടെക്‌നീഷ്യന്മാരുടെ പക്ഷം.


എന്നാൽ, രോഗികളുടെ സാമ്പിളുകൾ ശേഖരിക്കേണ്ടത് ഔദ്യോഗികമായി ലാബ് ടെക്‌നീഷ്യന്മാരുടെ ജോലിയാണെന്നും നഴ്സുമാരുടെ ജോലി ഇതിൽ നിന്നും വ്യത്യസ്തമാണെന്നുമാണ് നഴ്സുമാരുടെ വാദം. ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ട് ഇതിനുള്ള പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.


അതേസമയം, ലാബ് ടെക്‌നീഷ്യന്മാരുടെ ഒഴിവ് നികത്തിക്കഴിഞ്ഞാൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. നിലവിൽ ഓരോ ആശുപത്രികളുടെയും ജീവനക്കാരുടെ സൗകര്യാർത്ഥം കിടപ്പുരോഗികളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്നുണ്ടെകിലും ഈ ജോലി നിഷ്കർഷിച്ച് നൽകണമെന്ന അഭിപ്രായത്തിലാണ് ഇരുവിഭാഗവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home