print edition നാഥനില്ലാക്കളരിയായി പൊതുവിദ്യാഭ്യാസ വകുപ്പ്


ബിജോ ടോമി
Published on Jun 22, 2026, 12:00 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിനുപിന്നാലെ ചോദിക്കാനും പറയാനും ആളില്ലാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഒരു മാസം പിന്നിട്ടിട്ടും വകുപ്പിലെ ഉയർന്ന തസ്‌തികകളിലടക്കം നിയമനം വൈകുന്നു. പുതിയതായി നിയമിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറും അവധിയിലാണ്. അധ്യയന വർഷാരംഭത്തിൽ വകുപ്പിൽ വിവിധ സ്ഥാപനങ്ങളിലെ ഉന്നത തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധി സൃഷ്‌ടിച്ചു.
ചുമതലയേറ്റതിനുപിന്നാലെ ഡയറക്‌ടർ 29വരെ അവധിയിൽ പ്രവേശിച്ചു. സർവീസ് കാലാവധി അവസാനിച്ചതിനാൽ എസ്‌എസ്‌കെ ഡയറക്‌ടറായിരുന്ന ഡോ. എ ആർ സുപ്രിയ മെയ് 26ന് പദവി ഒഴിഞ്ഞിരുന്നു. ഒരു മാസമാകുമ്പോഴും പകരം ആളെ നിയമിച്ചിട്ടില്ല. വിദ്യാഭ്യാസ ഡയറക്‌ടർക്കായിരുന്നു ചുമതല. ഡയറക്‌ടർ അവധിയിലായതോടെ എസ്‌എസ്‌കെ അഡീഷണൽ സ്‌റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർക്കാണ് താൽക്കാലിക ചുമതല.
എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ കെ ജയപ്രകാശ്, കഴിഞ്ഞ 20ന് ചുമതലയൊഴിയാൻ മന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. എച്ച്‌എസ്‌എസ് ജോയിന്റ് ഡയറക്ടർമാർ, എസ്‌എസ്‌കെ പ്രോഗ്രാം ഓഫീസർമാർ, ഐടി അറ്റ് സ്കൂൾ കോ ഓർഡിനേറ്റർമാർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളും അകാരണമായി വൈകുന്നു.
പ്ലസ് വണ്ണിലെ പരിഷ്‌കരിച്ച പുസ്‌തകങ്ങളുടെ വിതരണം, പ്ലസ് ടു പുസ്‌തക പരിഷ്‌കരണം, എസ്‌എസ്‌കെ പദ്ധതി നടത്തിപ്പ്, അധ്യാപക പരിശീലനം തുടങ്ങിയവ താറുമാറായിരിക്കുകയാണ്. വർഷങ്ങൾ ഓൺലൈനായി നടന്നിരുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, അധ്യാപക സ്ഥലംമാറ്റം എന്നിവയും നടന്നിട്ടില്ല. ഇതെല്ലാം സ്‌കൂൾ തുറക്കുംമുമ്പ് പൂർത്തിയാകേണ്ടതാണ്.
അതിനിടെ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹയർ സെക്കൻഡറിയിൽ ഉയർന്ന തസ്‌തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മന്ത്രി ഓഫീസിൽ നിയമിച്ചതും വിവാദമായി. അന്ന് പ്ലസ് ടു ബാച്ചുകൾ വാരിക്കോരി അനുവദിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപണം നേരിടുന്ന വ്യക്തിയാണിയാൾ. ലീഗിന്റെ അധ്യാപക സംഘടനകൾ നിയമനത്തിൽ വലിയ എതിർപ്പുന്നയിച്ചു. കണ്ണൂരിൽ നിന്നുള്ള ലീഗ് നേതാവാണ് നിയമനത്തിന് പിന്നിലെന്നാണ് വിവരം.









0 comments