print edition യാനം ഫെസ്റ്റ്: ആഡംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും കേരളം

യാനം ട്രാവല്‍ ലിറ്റററി ഫെസ്റ്റിൽ വർക്കല രംഗകല കേന്ദ്രത്തിൽ എത്തിയ അതിഥികൾ സെൽഫി പകർത്തുന്നു
വർക്കല: ആഡംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും ഒരുപോലെ സാധ്യതയുള്ള പ്രദേശമാണ് കേരളമെന്നും ഇത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനാകുമെന്നും പ്രമുഖ യാത്രികർ. വർക്കലയിൽ കേരള ടൂറിസം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവലായ 'യാന'ത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. കേരളത്തിലെ ടൂറിസം വ്യവസായം ആഡംബര, ബജറ്റ് ടൂറിസത്തിന് ഒരുപോലെ പ്രാധാന്യം നൽകുന്നതിനാൽ എല്ലാത്തരം യാത്രികർക്കും പ്രയോജനപ്പെടുത്താവുന്ന ഡെസ്റ്റിനേഷൻ എന്ന നിലയിൽ സംസ്ഥാനത്തിന്റെ സാധ്യതകൾ വർധിക്കുന്നതായി 'റൈറ്റിങ് ഓൺ ട്രാവൽ ഡെസ്റ്റിനേഷൻസ്' എന്ന സെഷനിൽ സംസാരിക്കവേ യാത്രാ ഡോക്യുമെന്ററി സംവിധായിക പ്രിയ ഗണപതി പറഞ്ഞു. ഇത് പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരം ഡെസ്റ്റിനേഷനുകൾക്കും പാക്കേജുകൾക്കും പുറമേ യാത്രികർക്ക് വേറിട്ട അനുഭവങ്ങൾ നൽകുന്ന സ്ഥലങ്ങളിലും ആകർഷണങ്ങളിലുമാണ് ടൂറിസം മേഖല ഇനി ശ്രദ്ധ വയ്ക്കേണ്ടത്.
തെയ്യം പോലുള്ള സവിശേഷമായ കലാരൂപങ്ങളും ആഘോഷങ്ങളുമുള്ള വടക്കൻ കേരളത്തിന് വലിയ ടൂറിസം സാധ്യതകളുണ്ടെന്ന് യാത്രാ ഡോക്യുമെന്ററി സംവിധായകൻ അനുരാഗ് മല്ലിക് പറഞ്ഞു. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ യാത്രകളുടെ രീതി മാറുകയും യാത്ര ചെയ്യാനുള്ള പ്രവണത വർധിക്കുകയും ചെയ്തതായി ഫുഡ് ഗുരു കരൺ ആനന്ദ് പറഞ്ഞു.സ്ഥലങ്ങൾ കാണുകയെന്നതു മാത്രമല്ല, മനുഷ്യരെ കാണുകയും അവരുടെ ജീവിതം അടുത്തറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് തന്റെ യാത്രകളെന്ന് സോളോ യാത്രാനുഭവങ്ങളെ കുറിച്ച് സംസാരിച്ച നടിയും വ്ലോഗറുമായ അനുമോൾ പറഞ്ഞു. മൈ ക്യൂബൻ ഡേയ്സ് എന്ന സെഷനിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ എൻ പി ഉല്ലേഖ് സാംസ്കാരിക എഴുത്തുകാരൻ ഫൈസൽ ഖാനുമായി സംസാരിച്ചു. സംഗീത വള്ളാട്ട്, ഡോ. ജിനു സക്കറിയ ഉമ്മൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ഓരോനാടും പരസ്‌പരപൂരകം
വർക്കല: കേരളവും ടിബറ്റും തമ്മിലുള്ള ബന്ധംപോലെ, യാത്രകളും അവസാനിക്കാതെ തുടരുകയാണെന്ന് യാനം ഫെസ്റ്റിവൽ സ്പീക്കറും ടിബറ്റൻ വംശജനും ഇന്ത്യൻ കവിയുമായ തെൻസിൻ സുൻന്ത്യു. ടിബറ്റിൽ വളരെ പ്രാധാന്യമേറിയ ശംഖ് കേരളത്തിൽനിന്നാണ് എത്തിക്കുന്നത്. കേരളത്തിലെ ഉത്സവങ്ങളിൽ ഉപയോഗിക്കുന്ന ‘വെഞ്ചാമരം’ ടിബറ്റിലെ യാക്കിൽനിന്നാണ് ഉണ്ടാക്കുന്നത്. ഈ രണ്ട് വസ്തുക്കളുടെ കൈമാറ്റം സമുദ്രതീര സംസ്കാരം പേറുന്ന കേരളത്തെയും ഹിമാലയത്താൽ ചുറ്റപ്പെട്ട ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ പാതയുടെ നിലനിൽപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.
നമുക്ക് ഒരു പരിചയവുമില്ലാത്ത, അല്ലെങ്കിൽ വായനയിലൂടെ അറിഞ്ഞതുമായ ഒരു പ്രദേശത്ത് എത്തുകയും ആ സ്ഥലത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുമ്പോഴുമാണ് യാത്ര പൂർണമാകുന്നത്. ആ അനുഭവങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കഴിയണം. 25-ലധികം രാജ്യങ്ങളിലും ഇന്ത്യയിലുടനീളവും സഞ്ചരിച്ചു. കേരളത്തിലും നിരവധി തവണ വന്നിട്ടുണ്ട്. വളരെ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണിത്. യാത്രികർക്ക് മികച്ച സംവിധാനമൊരുക്കുന്നുണ്ടെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
പുതുസാധ്യതകൾ തുറന്നു
‘‘ഫെസ്റ്റിവലിന്റെ അന്തരീക്ഷവും നടത്തിപ്പും വളരെ മികച്ചതായിരുന്നു. ഓരോ സെഷനുകളും പ്രഗത്ഭരായ വ്യക്തികൾ നയിച്ച പ്രഭാഷണങ്ങളും യാത്രകൾക്ക് പുതിയ ദിശാബോധം നൽകി. സ്പീക്കർമാർ മുന്നോട്ടുവച്ച ആശയങ്ങൾ അറിവിന്റെ പുതുസാധ്യതകൾ തുറന്നിട്ടു. സൗഹൃദങ്ങൾ സ്ഥാപിക്കാനും എന്റെ മേഖലയിലുള്ളവരുമായി ബന്ധങ്ങളുണ്ടാക്കാനും സാധിച്ചു. വിനോദസഞ്ചാരി എന്ന നിലയിൽ ഞാൻ കേരളത്തെയും ഈ അനുഭവങ്ങളെയും പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രകൃതി സൗന്ദര്യവും സമ്പന്നമായ സംസ്കാരവും പേറുന്ന കേരളം ലോകശ്രദ്ധ അർഹിക്കുന്ന ഒരിടമാണ്. കേരളത്തിന്റെ തനത് ഭക്ഷണരീതിയും ആകർഷകമാണ്. ഇവിടെനിന്ന് കഴിച്ച വിഭവങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ദോശ'യാണ്. അതിന്റെ രുചിയും വൈവിധ്യവും ശരിക്കും അതിശയിപ്പിച്ചു.’’- ലൂക് വിൻസെന്റ് (യുകെ, എഴുത്തുകാരൻ).
കേരളത്തിലെ വായനക്കാരിൽ പ്രതീക്ഷ
വർക്കല: അതിവിശാലമായ സാധ്യതകൾ ഉൾക്കൊള്ളുന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിലെ വായനക്കാരിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ബുക്കർ പ്രൈസ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലക. കേരളത്തിലുള്ളവർക്ക് മികച്ച സാക്ഷരതയുണ്ട്. വളരെ നന്നായി ഇടപഴകുന്നവരും എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായി വന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ശ്രീലങ്കയിലെയും ഇന്ത്യയിലെയും സംസ്കാരങ്ങളിലെ സമാനതയും അതിൽ ഒരു ഘടകമായേക്കാം.
യാത്രാവിവരണം രാഷ്ട്രീയമായതും വ്യക്തിപരമായതുമാകാം. സഞ്ചാര സാഹിത്യത്തിന് നിരവധി രൂപങ്ങളുണ്ടെങ്കിലും തനിക്ക് ഏറെ ആകർഷണം തോന്നിയിട്ടുള്ളത് എഴുത്തുകാരൻ എ എ ഗില്ലിന്റെ രീതിയാണ്. വിവരണങ്ങളിൽ താൻ സന്ദർശിക്കുന്ന സ്ഥലങ്ങളോട് നീരസം പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ശ്രീലങ്കയിൽനിന്ന് അകലെ താമസിച്ചപ്പോൾ നാടിനെക്കുറിച്ച് കൂടുതൽ വ്യക്തതയോടെ എഴുതാൻ കഴിഞ്ഞു. വിദേശത്തായിരുന്നപ്പോഴാണ് ശ്രീലങ്ക കൂടുതൽ ആകർഷകമായി തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
"യാത്രകൾ എന്നെ പുതുക്കിക്കൊണ്ടേയിരിക്കുന്നു'
വർക്കല: ‘തേടി വരുന്ന സ്ഥലങ്ങളിൽ പോകണം. അവിടെ ഒരാളായി കുറച്ചുദിവസം താമസിക്കണം–’ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ മലപ്പുറത്തുകാരി അഫീദ ഷെറിൻ പറഞ്ഞു. യാനം ഫെസ്റ്റിൽ ഇഷ്ടപ്പെട്ട യാത്രികരെ കാണാനും അവരുടെ അനുഭവം കേൾക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്. ഡൽഹിയിൽ സ്‌കൂൾ പ്ലാനിങ് ആൻഡ് ആർക്കിടെക്‌ച്ചറിലെ നാലാംവർഷ വിദ്യാർഥിനിയാണ്. 18–ാം വയസ്സിലാണ് യാത്ര തുടങ്ങിയത്. ഇപ്പോൾ 22 വയസ്സായി.
ആദ്യ യാത്രയിൽ ഡൽഹി, ഉത്തർപ്രദേശ്, കശ്‌മീർ എന്നിവിടങ്ങളിലൊക്കെ കറങ്ങി. അത് 15 ദിവസം നീണ്ടു. ആദ്യമൊക്കെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു . പിന്നീട് സോളോ ആക്കി. വടക്കേന്ത്യൻ സംസ്ഥാനങ്ങളിലൂടെ നിരന്തരം യാത്രകൾ നടത്തി. യാത്ര ചെയ്യാനുള്ള ആഗ്രഹത്തിലാണ് ഡൽഹിയിൽ പ്രവേശനം നേടിയത്. വിദേശത്തുളള ആദ്യയാത്ര കിഴക്കൻ ആഫ്രിക്കയിലെ ഒരു ദ്വീപിലേക്കായിരുന്നു. അവിടത്തുകാരുടെ ഒപ്പമായിരുന്നു താമസം.
ഒരുപ്രദേശത്ത് എത്തിയാൽ അവരുടെ ജീവിതം പിന്തുടരും. അവരുടെ ഭക്ഷണം കഴിക്കാനും അവരുടേതുപോലെ വസ്‌ത്രം ധരിക്കാനും ജീവിതരീതി സ്വായത്തമാക്കാനും ശ്രമിക്കും. അവരുടെ ഭാഷ പഠിക്കും. ആഫ്രിക്കയിൽ പോയപ്പോൾ അവിടത്തെ ഭാഷ ഏറക്കുറെ പഠിച്ചു. ഓരോ യാത്രകളും വീണ്ടും വീണ്ടും തന്നെ പുതുക്കികൊണ്ടിരിക്കുകയാണെന്നും അഫീദ പറഞ്ഞു. ഞായറാഴ്‌ചത്തെ സെഷനിൽ തന്റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കും.
യാനം ഫെസ്‌റ്റ് ഇന്ന് സമാപിക്കും
വർക്കല: മൂന്നുദിവസങ്ങളിലായി കേരള ടൂറിസം സംഘടിപ്പിച്ച യാനം ട്രാവൽ-ലിറ്റററി ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഞായറാഴ്‌ച സമാപിക്കും. വർക്കല ബീച്ചിനെയും കേരളത്തിനെയും ആഗോള ടൂറിസ്‌റ്റ് ഭൂപടത്തിൽ ശക്തമായി അവതരിപ്പിക്കാൻ ‘യാന’ത്തിന് കഴിഞ്ഞു. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലും ഫെസ്‌റ്റിവലിന് ശ്രദ്ധേയമായ ഇടം നൽകി. എഴുത്തുകാർ, കലാകാരന്മാർ, ഡോക്യുമെന്ററി സംവിധായകർ, വ്ലോഗർമാർ, യാത്രാപ്രേമികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവരുടെ കൂടിച്ചേരലിന് ഫെസ്‌റ്റിവൽ വേദിയായി.
ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, ബെന്യാമിൻ, അനുമോൾ, ഫൈസൽ ഖാൻ, എൻ പി ഉല്ലേഖ്, സബിൻ ഇഖ്‌ബാൽ, വി മുസഫർ അഹമ്മദ്, പല്ലവി അയ്യർ തുടങ്ങി നിരവധി പേർ വിവിധ സെഷനുകളിൽ സംസാരിച്ചു.
സമാപന ദിവസത്തിൽ ശ്രീലങ്കൻ എഴുത്തുകാരി സിയാര മണ്ടുലി മെൻഡിസ് എഴുത്തിന്റെയും യാത്രയുടെയും അനുഭവങ്ങൾ പങ്കിടും. ഇന്ത്യയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുന്ന സിയാരയുടെ ഗാലിവൻറിങ്: എ റൈറ്റേഴ്സ് ജേർണീസ് എക്രോസ് സിക്സ് കൺട്രീസ് ചേസിങ് സൺസെറ്റ്സ് സ്റ്റോറീസ് ആൻഡ് സസ്പീഷ്യസ് എമൗണ്ട്സ് ഓഫ് ടീ' എന്ന യാത്രാവിവരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗോൾഡൻ ആസ്റ്റർ ഗ്ലോബൽ ലിറ്ററേച്ചർ പ്രൈസ് ജേതാവായ ശ്രീലങ്കൻ എഴുത്തുകാരൻ പ്രമുദിത്ത് ഡി രൂപസിംഗെ, സോളോ ട്രാവലർ അഫീദ ഷെറിൻ , ആറ് രാജ്യങ്ങളിലായി 17,000 കിലോമീറ്റർ ബൈക്കിങ് നടത്തിയ പിയ ബഹാദൂർ എന്നിവർ സംസാരിക്കും.









0 comments