98.16 കോടി ലാഭംനേടി കെഎഫ്സി

തിരുവനന്തപുരം
സംസ്ഥാന ധനവകുപ്പിനു കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) 2024-–-25 സാമ്പത്തികവർഷം നേടിയത് 98.16 കോടിയുടെ ലാഭം. കെഎഫ്‌സിയുടെ ഇതുവരെയുള്ള സർക്കാർ മൂലധനം 920 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് അഞ്ച് ശതമാനം മുതൽ പലിശനിരക്കിൽ വായ്പ നൽകുന്ന പൊതുമേഖലാ ധനസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതികൂടിയാണ് സൂചിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
രണ്ടു കോടി രൂപവരെ അഞ്ചു ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വഴി 3028 സംരംഭങ്ങൾക്കായി 1032.89 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. ഇതുവഴി 81,634 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ‘കെഎഫ്സി- സ്റ്റാർട്ടപ്പ് കേരള പദ്ധതി’യിലൂടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് 5.6 ശതമാനം പലിശനിരക്കിൽ ഈടില്ലാതെ വായ്പ നൽകുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡറുകൾ നടപ്പാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിങിനും പത്തുകോടി വരെയുള്ള വായ്പയും ലഭിക്കും. ബജറ്റിൽ സ്റ്റാർട്ടപ്പുകളുടെ വായ്പാ പരിധി 15 കോടി രൂപയാക്കിയിട്ടുണ്ട്. കെഎഫ്സി സ്റ്റാർട്ടപ്പ് കേരള പദ്ധതിവഴി ഇതുവരെ 72 കമ്പനികൾക്ക് 95.20 കോടി രൂപ വായ്പയായി നൽകി.









0 comments