രണ്ടാം മന്ത്രിസ്ഥാനത്തിനായി കടുംപിടിത്തം; നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

ഇടുക്കി: യുഡിഎഫ് ഭരണത്തിലേറാനിരിക്കെ വരാനിരിക്കുന്ന വിഡി സതീശൻ മന്ത്രിസഭയിൽ രണ്ടാം മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. രണ്ടാം മന്ത്രിസ്ഥാനം നൽകാൻ സാധിക്കില്ലെങ്കിൽ സുപ്രധാന വകുപ്പുകൾ നൽകണമെന്നാണ് പാർട്ടിയുടെ കർശന ആവശ്യം.
പൊതുമരാമത്ത് വകുപ്പ് നൽകിയില്ലെങ്കിൽ കുറഞ്ഞപക്ഷം ജലവിഭവ വകുപ്പെങ്കിലും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് സീറ്റുകളിൽ ജൂസെഫ് വിഭാഗത്തിന്8 വിജയമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് പാർട്ടി വാദിക്കുന്നത്.
ഒരു സീറ്റിൽ മാത്രം വിജയിച്ച ഘടകകക്ഷികൾക്ക് പോലും മന്ത്രിസ്ഥാനം നൽകുമ്പോൾ, ഏഴ് പേരെ വിജയിപ്പിച്ച തങ്ങൾക്ക് രണ്ട് മന്ത്രിപദവികൾ ആവശ്യപ്പെടാൻ പൂർണ്ണ യോഗ്യതയുണ്ടെന്നാണ് ഇവരുടെ നിലപാട്. ഉഭയകക്ഷി ചർച്ചകളുടെ തുടക്കത്തിൽ റവന്യൂ വകുപ്പായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇതിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ല. തുടർന്നാണ് കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് വേണമെന്ന പുതിയ ആവശ്യം അവർ മുന്നോട്ടുവെച്ചത്. എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലം മുതൽ പരമ്പരാഗതമായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിട്ടുനൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് പൊതുമരാമത്ത് ഇല്ലെങ്കിൽ ജലവിഭവ വകുപ്പ് വേണമെന്ന നിലപാടിലേക്ക് ജോസഫ് വിഭാഗം മാറിയത്. ഒരു മന്ത്രിസ്ഥാനവും ഒപ്പം ചീഫ് വിപ്പ് പദവിയും നൽകാമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ ജോസഫ് വിഭാഗത്തെ അറിയിച്ചിരുന്നത്.
എന്നാൽ ലീഗിന് പിന്നാലെ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന പരിഗണന വേണമെന്നും, രണ്ട് മന്ത്രിമാർ എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തം. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ ഘടകകക്ഷിയുടെ ഈ കടുത്ത നിലപാട് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.










0 comments