സാന്ത്വന ചികിത്സയിൽ പങ്കാളികളാകം; വളണ്ടിയർ ആകാൻ രജിസ്റ്റർ ചെയ്യാം

MB Rajesh
വെബ് ഡെസ്ക്

Published on Jun 04, 2025, 12:31 PM | 2 min read

തിരുവനപുരം: സാന്ത്വന ചികിത്സയിൽ കേരളം സമ്മാനിക്കുന്ന പുത്തൻ മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. തങ്ങളുടെ പ്രദേശത്തു സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാൻ സന്നദ്ധതയുള്ള ആർക്കും വോളന്റീർ ആയി രജിസ്റ്റർ ചെയ്യാം.


ജില്ലാ തലത്തിൽ ഓരോ 30 വളണ്ടിയർമാരാകുമ്പോളും ആ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ഓരോ വളണ്ടിയറെയും മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. ജൂൺ 15 വരെയാണ് രജിസ്ട്രേഷൻ നടത്താൻ കഴിയുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, ഗ്രാമ-നഗര, എപിഎൽ/ ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളം ലോകത്തിന് സമ്മാനിക്കുന്ന പുത്തൻ മാതൃകയായ കേരളാ കെയറിൽ വളണ്ടിയറായി പങ്കാളികളാകാൻ ഏവരും തയ്യാറാകണമെന്നും നിലവിലുള്ള സന്നദ്ധപ്രവർത്തകരെയും, പുതിയ ആളുകളെയും രജിസ്റ്റർ ചെയ്യിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.


ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ സംവിധാനം ലോകപ്രസിദ്ധമാണ്. ലോകാരോഗ്യ സംഘടന തന്നെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച ഈ പദ്ധതി വിപുലീകരിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളാ കെയറിന് രൂപം നൽകിയത്. കിടപ്പുരോഗികളല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ള ആർക്കും സാന്ത്വന ചികിത്സ വീടുകളിൽ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിലുള്ള പാലിയേറ്റീവ് നഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കാം, അതേസമയം മറ്റ് സേവനങ്ങൾ വളണ്ടിയർമാർ മുഖേനയാണ് നിർവഹിക്കുക. ഇതിനായി സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിപുലമായ വിവരശേഖരണവും രജിസ്ട്രേഷനും സംസ്ഥാനത്തെങ്ങും വിപുലമായി നടക്കുകയാണ്. ഇതോടൊപ്പം പാലിയേറ്റീവ് കെയർ ഗ്രിഡിൽ പങ്കാളികളാകുന്ന എൻജിഓകളുടെയും കമ്യൂണിറ്റി ബേസ്ഡ് ഓർഗനേസേഷനുകളുടെയും രജിസ്ട്രേഷൻ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, സെക്കന്ററി യൂണിറ്റുകളെ തയ്യാറാക്കുന്ന പ്രവൃത്തി, നഴ്സുമാർക്കുള്ള വിപുലമായ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.


ഇതുവരെ ക്യാമ്പയിന്റെ ഭാഗമായി 1,34,939 പേരാണ് സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പിലായ രോഗികളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തതിൽ 59.48 ശതമാനം പേരും വനിതകളാണ്. ഏറ്റവുമധികം ആളുകൾ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്. സേവനം ആവശ്യമുള്ളവരുടെ വിവരശേഖരണവും രജിസ്ട്രേഷനും തുടരുകയാണ്. വെബ്സൈറ്റിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കുന്നതാണ്. സന്നദ്ധ സേവനം നടത്തുന്ന 1101 എൻജിഒകളും സിബിഒകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തെ ഒരു കെയർ സൊസൈറ്റിയാക്കി മാറ്റാനും പുത്തൻ മാതൃക സൃഷ്ടിക്കാനുമുള്ള വിപുലമായ ക്യാമ്പയിനാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home