എല്ലാ കിടപ്പുരോഗികൾക്കും പരിചരണം: സാന്ത്വന ചികിത്സയിൽ കേരള മാതൃക

paliative
തിരുവനന്തപുരം: കിടപ്പുരോഗികളായ എല്ലാവർക്കും പരിചരണം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർണായക ചുവട്. സർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും 'കേരള കെയർ' പാലിയേറ്റീവ് ശൃംഖലയുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28ന്. വൈകുന്നേരം നാലിന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരം പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാന്ത്വന ചികിത്സയിൽ ഏകോപനം
സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് 'കേരള കെയർ' പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്‌ട്രേഷനും ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നൽകി വരുന്നു. നിലവിൽ 1043 സ്ഥാപനങ്ങൾ ഗ്രിഡിന്റെ ഭാഗമായി.
പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിചരിക്കാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധസേന പോർട്ടൽ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റർ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനവും നൽകും.
നിലവിൽ 7765 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ പാലിയേറ്റീവ് ഗ്രിഡിലൂടെ ഏകോപിപ്പിക്കും. എല്ലാ കിടപ്പ് രോഗികൾക്കും പരിചരണം ഉറപ്പാക്കുയാണ് ലക്ഷ്യം.









0 comments