'കേരള കെയർ'പാലിയേറ്റീവ് കെയർ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

palliative care
വെബ് ഡെസ്ക്

Published on Mar 03, 2025, 02:32 PM | 2 min read

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള കെയർ'പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രിമാരായ വീണാ ജോർജ്, എം ബി രാജേഷ് എന്നിവർ സന്നിഹിതരായി.


കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയർ ഗ്രിഡ്. പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ, സന്നദ്ധ പ്രവർത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നൽകൽ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നൽകൽ, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്, പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ് എന്നിവയാണ് പാലിയേറ്റീവ് കെയർ ഗ്രിഡിലൂടെ നിർവഹിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.


ഇന്ത്യയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സർക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരമാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്.


ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാം സാംബശിവറാവു, സാമൂഹ്യനീതി വകുപ്പ് ഡയക്ടർ അദീല അബ്ദുള്ള, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ഡോ. ബിപിൻ ഗോപാൽ, ഡോ. മഹേഷ്, ഡോ. മാത്യൂസ് നമ്പേലി, കെ എം സീന, പ്യൂപ്പിൾഫസ്റ്റ് ഹെഡ് ഓഫ് ഡിജിറ്റൽ പബ്ലിക് ഗുഡ്‌സ് ബോധിഷ് തോമസ്, സോഷ്യൽ പോളിസി ഹെഡ് രഞ്ജിത് ബാലാജി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home