പ്രത്യാശയായി കേരള കെയര്‍; രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ സ്‌ത്രീകൾ

paliative
സ്വന്തം ലേഖിക
Published on May 19, 2025, 08:41 AM | 1 min read
തിരുവനന്തപുരം: കിടപ്പുരോഗീ പരിചരണ മേഖലയുടെ ഏകോപനം ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച "കേരള കെയർ' പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ലക്ഷങ്ങൾ. മാർച്ചിൽ രജിസ്‌ട്രഷൻ ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ 1,14,486 കിടപ്പുരോഗികൾ കേരള കെയറിന്റെ ഭാഗമായിക്കഴിഞ്ഞു. ആകെ രജിസ്റ്റർ ചെയ്ത 1.14 ലക്ഷം രോഗികളിൽ 59.59 ശതമാനം സ്‌ത്രീകളും 40.25 പുരുഷൻമാരുമാണ്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ, സന്നദ്ധ പ്രവർത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നൽകൽ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നൽകൽ, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്, പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ് എന്നിവ അടങ്ങിയതാണണ് പാലിയേറ്റീവ് കെയർ ഗ്രിഡ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചത്.
കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകന്റെ സേവനം ഉറപ്പാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. നിലവിൽ 1359 സർക്കാർ സ്ഥാപനങ്ങളും അഞ്ച് എൻജിഒകളും രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്–-12,943 പേർ. ജൂൺ രണ്ടാംവാരത്തോടെ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും.









0 comments