സാന്ത്വനപരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

കിടപ്പുരോഗികൾക്ക്‌ സർക്കാർ തുണ ; സാന്ത്വന പരിചരണത്തിനുള്ള സമഗ്രപദ്ധതിക്ക്‌ തുടക്കം

Kerala Care palliative
വെബ് ഡെസ്ക്

Published on Jun 29, 2025, 03:15 AM | 2 min read


കൊച്ചി

സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കരുതലും സാന്ത്വനവുമേകാനുള്ള മാതൃകാപദ്ധതിയുമായി കേരളം. രോഗികൾക്ക്‌ ശാസ്‌ത്രീയ പരിചരണം ഉറപ്പാക്കുന്ന സാർവത്രിക സാന്ത്വന പരിചരണ പദ്ധതിക്കും കേരള കെയർ പാലിയേറ്റീവ് ഗ്രിഡിനും തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും ഏകോപന സംവിധാനമായ ഗ്രിഡിന്റെ പ്രവർത്തനോദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്യത്ത്‌ ആദ്യമാണ്‌ ഇത്തരമൊരു പദ്ധതി.


സർക്കാർ–സർക്കാരിതര സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി കിടപ്പുരോഗികൾക്കും ദീർഘകാല രോഗപീഡ അനുഭവിക്കുന്നവർക്കും ആശ്വാസമാകും. സംസ്ഥാന ജനസംഖ്യയുടെ 0.6 ശതമാനം കിടപ്പുരോഗികളും ദീർഘകാലമായി ഗുരുതര രോഗപീഡ അനുഭവിക്കുന്ന രണ്ടുശതമാനം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.


സേവനം ആവശ്യപ്പെട്ട്‌ ഇതുവരെ 1,58,100 പേരാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. സേവനം നൽകാൻ തയ്യാറായി 1352 സർക്കാർ സ്ഥാപനങ്ങളും 895 എൻജിഒകളും കേരള കെയറിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.


തദ്ദേശ സ്ഥാപന അതിർത്തിയിൽ സാന്ത്വന പരിചരണം ആവശ്യമുള്ളവർ, ഇവരുടെ പൊതുസ്ഥിതി എന്നിവ സർവേയിലൂടെ കണ്ടെത്തും. കിടപ്പുരോഗിക്ക്‌ മരുന്ന്‌, സഹായ ഉപകരണ വിതരണം, പരിചരണം എന്നിവയ്‌ക്കായി വാർഡുകളിൽ ആശാപ്രവർത്തകരുണ്ടാകും. ഇവർ കൃത്യമായ ഇടവേളകളിൽ രോഗിയെ വീട്ടിൽ സന്ദർശിക്കും. കിടപ്പിലല്ലാത്ത, ഗുരുതര രോഗപീഡ അനുഭവിക്കുന്നവർക്ക്‌ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി മരുന്നും പരിചരണവും നൽകും. ആഴ്‌ചയിൽ ഒരിക്കൽ ഡോക്‌ടർ രോഗിയുടെ വീട്ടിലെത്തും.


പദ്ധതിക്ക്‌ പിന്തുണയേകാൻ മെഡിക്കൽ കോളേജുകളിലും കാൻസർ സെന്ററുകളിലുമുള്ള പ്രത്യേക സാന്ത്വന പരിചരണ യൂണിറ്റുകൾ ശക്തമാക്കും. സ്വകാര്യ മെഡിക്കൽ കോളേജിലടക്കം സാന്ത്വന പരിചരണ യൂണിറ്റ്‌ ആരംഭിക്കും. മെഡിക്കൽ വിദ്യാർഥികൾക്ക്‌ പഠനകാലത്ത്‌ പരിശീലനവും നൽകും. അരയ്‌ക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ടവരുടെ തൊഴിൽപുനരധിവാസത്തിന്‌ എറണാകുളം, മലപ്പുറം ജില്ലകളിൽ കുടുംബശ്രീയുമായി ചേർന്ന്‌ നടപ്പാക്കിയ പദ്ധതി മറ്റുജില്ലകളിലേക്ക്‌ വ്യാപിപ്പിക്കും.


കേരള കെയർ പാലിയേറ്റീവ്‌ ഗ്രിഡ്‌

സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഏകോപന സംവിധാനമാണ്‌ കേരള കെയർ പാലിയേറ്റീവ്‌ ഗ്രിഡ്‌. പുതിയ രോഗികളുടെ രജിസ്‌ട്രേഷൻമുതൽ സന്നദ്ധപ്രവർത്തകരുടെ പരിശീലനം, സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷൻ, പൊതുജനങ്ങൾക്ക് സേവനം, പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


സാന്ത്വനപരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

സാന്ത്വനപരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യമുണ്ടായാൽ മാത്രമേ ഇടപെടലുകൾ പൂർണവിജയത്തിലെത്തൂ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാർവത്രിക പാലിയേറ്റീവ്‌ കെയർ പദ്ധതിയും കേരള കെയർ പാലിയേറ്റീവ്‌ ഗ്രിഡിന്റെ പ്രവർത്തനവും കളമശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അർഹരായ ഒരാളും സാന്ത്വനപരിചരണം ലഭിക്കാതെ വിഷമിക്കരുത്‌ എന്നുറപ്പാക്കാൻ സമൂഹം ഇടപെടണം. സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യരംഗത്ത് കേരളത്തിന്റെ പുതുമാതൃകയാണ്‌. സാന്ത്വനപരിചരണം സമൂഹമനസ്ഥിതിയാകണം. അത്തരം പൊതുബോധത്തിലേക്ക്‌ സമൂഹം ഉയരണം. സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ സമൂഹമാകെ നല്ല പങ്കുവഹിക്കണം. സമൂഹത്തിന്റെ ഉത്തരവാദിത്വമാണിതെന്ന ബോധ്യം സൃഷ്ടിക്കാൻ രാഷ്ട്രീയപാർടികൾ, ബഹുജന–-സാമൂഹ്യ സംഘടനകൾ, കൂട്ടായ്‌മകൾ എല്ലാം മുൻകൈയെടുക്കണം–- മുഖ്യമന്ത്രി പറഞ്ഞു.


തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ആരോഗ്യമന്ത്രി വീണാ ജോർജ് പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗരേഖ പ്രകാശിപ്പിച്ചു. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ്‌വർക് ടീമിനുള്ള ഉപഹാരം വീണാ ജോർജും എം ബി രാജേഷും നൽകി. വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ് ചിത്ര എന്നിവർ പങ്കെടുത്തു.


കേരളത്തിനുമാത്രം സാധ്യമാകുന്നത്‌: എം ബി രാജേഷ്‌

കേരളത്തിനുമാത്രം സാധ്യമാകുന്നതാണ്‌ സാർവത്രിക പാലിയേറ്റീവ്‌ കെയർ പദ്ധതിയും പാലിയേറ്റീവ്‌ ഗ്രിഡുമെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

ആവശ്യമുള്ള എല്ലാവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഒരു രോഗിക്കുപോലും ശ്രദ്ധയും പരിചരണവും ലഭിക്കാതിരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ പദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.


കേരളം 
പുതുചരിത്രം രചിച്ചു: മന്ത്രി വീണാ ജോർജ്‌

സാർവത്രിക പാലിയേറ്റീവ്‌ കെയർ പദ്ധതിയിലൂടെ കേരളം പുതുചരിത്രം രചിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. വലിയ ലക്ഷ്യമാണ്‌ കൈവരിക്കുന്നത്‌. ഭേദചിന്തകളില്ലാതെ എല്ലാവരും കൈകോർക്കണം. ആഴ്‌ചയിൽ ഒരുമണിക്കൂറെങ്കിലും സാന്ത്വനപരിചരണരംഗത്ത്‌ പ്രവർത്തിക്കാൻ തയ്യാറെങ്കിൽ കേരള കെയർ പാലിയേറ്റീവ്‌ ഗ്രിഡിൽ രജിസ്റ്റർ ചെയ്യണം–- മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home