കേരള കെയർ ; രജിസ്റ്റർ ചെയ്തത്‌ 1.5 ലക്ഷത്തിലധികം 
കിടപ്പുരോഗികൾ

Kerala Care
വെബ് ഡെസ്ക്

Published on Jun 20, 2025, 12:58 AM | 1 min read


തിരുവനന്തപുരം

കിടപ്പുരോഗീ പരിചരണത്തിന്‌ ഏകീകൃത രൂപമുണ്ടാക്കാൻ സർക്കാർ ആവിഷ്‌കരിച്ച "കേരള കെയർ' പാലിയേറ്റീവ്‌ കെയർ പദ്ധതിയുടെ സേവനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത്‌ 1,52,331 പേർ. സംസ്ഥാനത്ത്‌ മുതിർന്ന പൗരന്മാരിൽ, പരിചരണം ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചതോടെ മാർച്ചിലാണ്‌ പദ്ധതി ആരംഭിച്ചത്‌. ആരോഗ്യ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


പരിചരണം ആവശ്യമുള്ളവർക്കും സേവനം നൽകാൻ തയ്യാറുള്ള കിടപ്പുരോഗീ പരിചരണ സൗകര്യമുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കേരള കെയറിൽ പേര്‌ രജിസ്റ്റർ ചെയ്യാം. സേവനം നൽകാൻ തയ്യാറായി 1352 സർക്കാർ സ്ഥാപനങ്ങളും 895 എൻജിഒകളും രജിസ്റ്റർ ചെയ്തു.


പരിചരണമാവശ്യപ്പെട്ട്‌ കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്‌ മലപ്പുറം ജില്ലയിലാണ്‌ –-17,081 പേർ. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 1.52 ലക്ഷം രോഗികളിൽ 59.33ശതമാനം സ്‌ത്രീകളും 40.52 ശതമാനം പുരുഷൻന്മാരുമാണ്‌. 71–-80 പ്രായക്കാരാണ്‌ കൂടുതൽപേർ–- 46,575. 81–-90 വിഭാഗത്തിൽ 35,579 പേരുമുണ്ട്‌.


മാർച്ച്‌ മൂന്നിനാണ്‌ പാലിയേറ്റീവ് കെയർ ഗ്രിഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്‌. കിടപ്പ് രോഗികൾക്ക് പരിചരണത്തോടൊപ്പം മാനസിക, -സാമൂഹിക പിന്തുണ ഉറപ്പാക്കാനും പാലീയേറ്റീവ് കെയർ ഗ്രിഡ്‌ വഴിയൊരുക്കും. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകന്റെ സേവനം ഗ്രിഡ്‌ ഉറപ്പാക്കുന്നുണ്ട്‌. എല്ലാ ജില്ലകളിലും സാന്ത്വന പരിചരണ പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു.


ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് സാന്ത്വന പരിചരണം. ഇതിന്റെ ഭാഗമായാണ്‌ കേരള സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ ഗ്രിഡ് രൂപീകരിച്ചത്‌.


care



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home