തിയറ്ററുകളിലെ ‘കൊള്ളവില’; നടപടിയില്ല, പരിശോധനകൾ മാത്രം

കോഴിക്കോട്: സിനിമ കാണാൻ കുടുംബമായി തിയറ്ററിലെത്തുന്നവർക്ക് ഏറ്റവും വലിയ തലവേദനയാകുന്നത് ഭക്ഷണത്തിനും പാനീയങ്ങൾക്കുമീടാക്കുന്ന കൊള്ളവിലയാണ്. പരാതികൾ ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് മൾട്ടിപ്ലക്സുകളിൽ പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിലെ പരിശോധനയിൽ പോപ്കോണിനും ശീതളപാനീയങ്ങൾക്കും പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വരെ വില ഈടാക്കുന്നതായി കണ്ടെത്തി. പിന്നാലെ കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിലും സംയുക്ത പരിശോധന നടന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
എന്നാൽ പരിശോധനകൾ നടക്കുന്നതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സിനിമാ തിയറ്ററുകളിലെ കൊള്ളവില തടയാൻ നടപടികൾ സ്വീകരിക്കണെമെന്ന് കളക്ടർമാർക്ക് നിർദേശം നൽകുമെന്നാണ് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറയുന്നത്. എന്നാൽ അധികൃതർ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല എന്ന വിമർശനവും ശക്തമാണ്. ഒരു സാധാരണക്കാരന്റെ കടയിൽ ഭക്ഷവകുപ്പ് പരിശോധന നടത്തി ചെറിയ പ്രശ്നങ്ങൾ കണ്ടെത്തിയാൽ പോലും വലിയ പിഴ ഈടാക്കുന്നതും, സ്ഥാപനം സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളെടുക്കുന്നതും പതിവാണ്. എന്നാൽ തിയറ്ററുകളിൽ ഇത്തരത്തിൽ കൊള്ള കണ്ടെത്തിയിട്ടും എന്തേ നടപടിയില്ലാത്തതത് എന്നാണ് ജനങ്ങളുടെ ചോദ്യം.
തിയറ്ററുകളിൽ അമിതവില ഈടാക്കുന്നതിന്റെ വ്യാപ്തി വ്യക്തമായത് കൊച്ചിയിൽ നടന്ന പരിശോധനയിലാണ്. പോപ്കോൺ ടബുകൾക്ക് 295 രൂപ മുതൽ 600 രൂപവരെയാണ് ഈടാക്കിയിരുന്നത്. 400 ഗ്രാം പോപ്കോണിന് 330 രൂപയ്ക്കുമുകളിൽ വിലയുണ്ടായിരുന്നുവെന്നും പരിശോധനാ സംഘം കണ്ടെത്തി. 510 മില്ലി കുപ്പിവെള്ളത്തിന് 70 രൂപയും ഒരു ലിറ്ററിന് 90 രൂപയ്ക്കുമുകളിലും ഈടാക്കിയിരുന്നു.
പോപ്കോണും ശീതളപാനീയങ്ങളും പൊതുവിപണിയിലെ വിലയേക്കാൾ അഞ്ചിരട്ടി വരെ കൂടുതലാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ചിലയിടങ്ങളിൽ വിലപ്പട്ടിക വ്യക്തമായി പ്രദർശിപ്പിച്ചിരുന്നില്ല. മറ്റിടങ്ങളിൽ വില മാത്രം കാണിച്ചിരുന്നെങ്കിലും നൽകുന്ന ഭക്ഷണത്തിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. ഇവർക്ക് നോട്ടീസ് നൽകി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
പുറത്തുനിന്ന് കുടിവെള്ളം ഉൾപ്പെടെയുള്ള പാനീയങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണമുള്ള സാഹചര്യത്തിൽ തിയറ്ററിനുള്ളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ ചില മൾട്ടിപ്ലക്സുകളിൽ സൗജന്യ കുടിവെള്ളം ആളുകൾക്ക് എളുപ്പം കാണാനാകാത്ത സ്ഥലങ്ങളിൽ വെച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി.
ഇതോടെ ഉയർന്ന വിലയ്ക്ക് കുപ്പിവെള്ളം വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന പരാതിക്കും ബലം ലഭിച്ചു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിൽ പരിശോധന നടന്നത്. ഇവിടെ വിലപ്പട്ടിക വ്യക്തമായി പ്രദർശിപ്പിക്കാത്തതും വിൽക്കുന്ന ഭക്ഷണത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകാത്തതുമടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. ഇവ തിരുത്താൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ അമിതവില നിയന്ത്രിക്കുന്നതിൽ നിയമപരമായ പരിമിതിയുണ്ടെന്നാണ് സർക്കാർ പറയുന്നത്. പാക്കറ്റിൽ എംആർപി രേഖപ്പെടുത്തിയ സാധനങ്ങൾ അതിനുമുകളിൽ വിലയ്ക്ക് വിറ്റാൽ നടപടി എടുക്കാം. എന്നാൽ തിയറ്ററിനകത്ത് തയ്യാറാക്കി വിൽക്കുന്ന പോപ്കോൺ, ചായ, മറ്റ് ഭക്ഷണസാധനങ്ങൾ എന്നിവയുടെ വില നേരിട്ട് നിശ്ചയിക്കാനോ പരിധി ഏർപ്പെടുത്താനോ നിലവിലെ നിയമപ്രകാരം വകുപ്പുകൾക്ക് വ്യക്തമായ അധികാരമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സർക്കാർ ഇടപെടലിന് നിയമപരമായ പരിധിയുണ്ടെന്ന് വ്യക്തമാക്കി.
അതേസമയം പുറത്തുനിന്ന് ഭക്ഷണവും പാനീയവും കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും അകത്തെ ഭക്ഷണത്തിന് വിപണിയിലേതിനേക്കാൾ പലമടങ്ങ് വില നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപഭോക്താവിന് മറ്റുവഴികൾ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വില നിശ്ചയിക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും അതേ സ്ഥാപനത്തിനകത്ത് ഉപഭോക്താവിന്റെ മറ്റുവഴികൾ അടയ്ക്കുമ്പോൾ സർക്കാർ എന്ത് ഇടപെടൽ നടത്തുമെന്നതും ശ്രദ്ധേയമാണ്.









0 comments