ad
Deshabhimani

‘എന്നെ ജയിലിലാക്കിയവരെ നേതൃത്വം സംരക്ഷിക്കുന്നു’ ; ഡിസിസി നേതൃത്വത്തിനെതിരെ വാർഡ്‌ പ്രസിഡന്റ്‌

kanattumalayil thankachan
വെബ് ഡെസ്ക്

Published on Oct 01, 2025, 01:00 AM | 1 min read


കൽപ്പറ്റ

നേതാക്കൾ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച വയനാട്‌ മുള്ളൻകൊല്ലി രണ്ടാം വാർഡ്‌ പ്രസിഡന്റ്‌ കനാട്ടുമലയിൽ തങ്കച്ചൻ ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ വീണ്ടും രംഗത്ത്‌. തന്നെ ജയിലിലാക്കിയവരെ നേതൃത്വം സംരക്ഷിക്കുകയാണെന്നും കോൺഗ്രസിന്‌ അർബുദമാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട്‌ പറഞ്ഞു.


‘എന്നെ ജയിലിലാക്കിയവരെ നേതൃത്വം സംരക്ഷിക്കുകയാണ്‌. ഗൂഢാലോചനയിൽ ഉന്നത നേതൃത്വത്തിന്‌ പങ്കുണ്ട്‌. ഡിസിസി നേതൃത്വത്തിൽനിന്ന്‌ ഒരാൾപോലും ഇതുവരെ വീട്ടിൽ വന്നിട്ടില്ല. കോൺഗ്രസിൽ കാൻസർ പിടിപെട്ടിരിക്കുകയാണ്‌. ആ കാൻസർ മുറിച്ചുമാറ്റാതെ കോൺഗ്രസ്‌ രക്ഷപ്പെടില്ല. തൊലിപ്പുറത്തെ പാണ്ടിന്‌ മരുന്ന്‌ തേച്ച്‌ പ്രശ്‌നങ്ങൾ തീർത്തുവെന്നാണ്‌ ഇപ്പോൾ പറയുന്നത്‌. ഇ‍ൗ കാൻസർ പാർടിയേയുംകൊണ്ടേ പോകൂ. ഗൂഢാലോചനയിൽ പങ്കെടുത്തവരെല്ലാം കാൻസറിന്റെ ഓരോ ഭാഗങ്ങളാണ്‌’–തങ്കച്ചൻ പറഞ്ഞു.


ഗ്രൂപ്പ്‌ പോരിൽ തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടക വസ്‌തുക്കളും കർണാടക മദ്യവും കൊണ്ടുവച്ച്‌ പൊലീസിനെകൊണ്ട്‌ പിടിപ്പിക്കുകയായിരുന്നു. 17 ദിവസമാണ്‌ കള്ളക്കേസിൽ ജയിലിൽ കിടന്നത്‌. പൊലീസ്‌ അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്ന്‌ കണ്ടെത്തി ജയിൽ മോചിതനാക്കി. ഡിസിസി പ്രസിഡന്റായിരുന്ന എൻ ഡി അപ്പച്ചനും മീനങ്ങാടി ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ മാമ്പള്ളിയും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയാണ്‌ കുടുക്കിയതെന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. തുടർന്നായിരുന്നു മുള്ളൻകൊല്ലി മണ്ഡലം വൈസ്‌ പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ ജോസ്‌ നെല്ലേടം ജീവനൊടുക്കിയത്‌. അനീഷ്‌ മാമ്പള്ളിക്കെതിരെ പൊലീസ്‌ ലുക്ക‍ൗട്ട്‌ നോട്ടീസ്‌ ഇറക്കിയിട്ടുണ്ട്‌. നേതാക്കളുടെ അറിവോടെയാണ്‌ ഒളിവിൽ കഴിയുന്നതെന്നാണ്‌ തങ്കച്ചന്റെ ആരോപണം.


അപ്പച്ചനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റുകയും, ജില്ലയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും കെപിസിസി നേതൃത്വം അവകാശപ്പെടുന്പോഴാണ്‌ ഡിസിസി നേതൃത്വത്തിനെതിരെ വാർഡ്‌ പ്രസിഡന്റ്‌ വീണ്ടും രംഗത്തെത്തിയത്‌. അനീഷ് മാമ്പള്ളിയെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡ്‌ചെയ്‌തതായി ഡിസിസി പ്രസിഡന്റ്‌ ടി ജെ ഐസക്ക് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home