കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസ്; മുൻകൂർ ജാമ്യഹർജി നല്‍കി ഡോക്ടർ, പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസിൽ ഡോ. ജോൺസൺ കെ വർഗീസ് മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയതാണ് ബലാത്സംഗ പരാതിയെന്നാണ് ഡോ. ജോൺസന്റെ ആരോപണം.
കേസിൽ നടിയുൾപ്പെടെ മൂന്ന് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഡോക്ടറെ ബ്ലാക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ ബി വിഷ്ണു (31) എന്നിവരെ ചൊവ്വ വൈകിട്ട് അഞ്ചുവരെയാണ് കടവന്ത്ര പൊലീസിന്റെ കസ്‌റ്റഡിയിൽ വിട്ടത്. പ്രതികളുമായി പൊലീസ് തെളിവെടുക്കും. ബന്ധുവായ അമ്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും അറസ്‌റ്റ് ചെയ്‌തത്.
നടിയുടെ ബന്ധുവായ അമ്പതുകാരിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ കേസെടുത്തതോടെ ഡോ. ജോൺസൺ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്‌ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അമ്പതുകാരിയുടെ മൊഴി കടവന്ത്ര പൊലീസ് ഉടൻ രേഖപ്പെടുത്തും. ഫോൺ അമ്പതുകാരിയുടെ കൈയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. ഇൗ ഫോണുൾപ്പെടെ ഹാജരാക്കിയാണ് ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസിന് അന്പതുകാരി പരാതി നൽകിയത്. ഫോണിൽനിന്ന് നിരവധി സ്‌ത്രീകളുടെ ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. ഇവർക്ക് ഇൗ ഫോൺ എങ്ങനെ ലഭിച്ചുവെന്ന് നടിയോടും മറ്റ് പ്രതികളോടും ചോദിച്ചറിയാനുള്ള നീക്കത്തിലാണ് അന്വേഷകസംഘം.








0 comments