തൊഴിലുറപ്പ് പദ്ധതി കുടിശിക: കെ രാധാകൃഷ്ണൻ എംപിക്ക് മറുപടി നൽകാതെ കേന്ദ്രമന്ത്രി

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് കേന്ദ്രം നൽകാനുള്ള 439 കോടി രൂപ കുടിശികയെ കുറിച്ചുള്ള കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാൻ. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് എംപി കേളത്തിന്റെ കുടിശികയെ കുറിച്ച് ചോദ്യമുന്നയിച്ചത്.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 100 ദിവസത്തെ തൊഴിൽ നൽകിക്കൊണ്ട് അവരുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ 20 വർഷത്തിനുശേഷം കേന്ദ്രസർക്കാർ പദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതായും ശരിയായ സമയത്ത് വേതനം ലഭിക്കുന്നതിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കേരളത്തിന് ഇപ്പോൾ നൽകേണ്ട 439 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് അനുവദിക്കണമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
സമയബന്ധിതമായ വേതനവും മതിയായ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടോയെന്നും കേരള സർക്കാരിന് കുടിശിക അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും അത് എപ്പോൾ അനുവദിക്കുമെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായ ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാർ പരിഗണിക്കുമോയെന്നുംന്നും കെ രാധാകൃഷ്ണൻ ചോദിച്ചു.
എന്നാൽ കേരളത്തിന് ലഭിക്കാനുള്ള കുടിശികയെപറ്റി തൻറെ മറുപടിയിൽ യാതൊന്നും കമലേഷ് പാസ്വാൻ പറഞ്ഞിട്ടില്ല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മാതൃകയിൽ കേന്ദ്രം ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.









0 comments