കടം കുറയുന്നതിൽ കേരളം മുന്നിൽ : കെ എൻ ബാലഗോപാൽ

തിരുവനന്തപുരം
രാജ്യത്ത് കടം കുറയുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര ധനമന്ത്രിയാണ് ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയതെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ സർവത്ര കടമെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു. നിശ്ചയിച്ച പരിധിയിൽനിന്നേ കടമെടുക്കാനാകൂ എന്നതാണ് വസ്തുത. അതെല്ലാം മറച്ചുവച്ചായിരുന്നു പ്രചാരണം.
2020–-21ൽ ജിഎസ്ഡിപിയുടെ 40 ശതമാനമായിരുന്ന കടം ഇപ്പോൾ 35 ശതമാനമായി താഴ്ന്നു. അഞ്ച് ശതമാനം കുറവെന്നത് 70,000 കോടി രൂപയോളം വരും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വർഷം 1.15 ലക്ഷം കോടി രൂപയാണ് ശരാശരി ചെലവഴിച്ചത്. അർഹമായ കടമെടുപ്പിൽ വർഷം 50,000 കോടി രൂപ വെട്ടിക്കുറവുണ്ടായിട്ടും ഇൗ സർക്കാർ വർഷം ശരാശരി 1.65 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്. വരുംവർഷം രണ്ട് ലക്ഷം കോടിയായി വാർഷിക ബജറ്റ് മാറുമെന്നും അദ്ദേഹം പറഞ്ഞു.









0 comments