print edition ബിഹാർ ഫലം ; കെ സി വേണുഗോപാലിന് കടുത്ത വിമർശം

തിരുവനന്തപുരം
ബിഹാറിലെ തിരിച്ചടി കോൺഗ്രസിൽ സംഘടനാതലത്തിൽ മാറ്റങ്ങളുണ്ടാക്കും. വിഷയങ്ങൾ എടുക്കുന്നതിലും പ്രചാരണ തന്ത്രങ്ങളിലും പരിപൂർണമായും കോൺഗ്രസ് പരാജയപ്പെട്ടു. ഇതിൽ സംഘടനാ ചുമതലക്കാർക്കാണ് പാളിച്ച പറ്റിയതെന്നാണ് വിലയിരുത്തൽ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഡൽഹി രാഷ്‌ട്രീയത്തിൽ നിന്ന് വിട്ട് കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത് ഇൗ സാഹചര്യം കൂടി മുന്നിൽ കണ്ടാണ്.
ബിഹാറിൽ നരേന്ദ്രമോദിയും അമിത്‌ഷായും ക്യാന്പ് ചെയ്ത് പ്രവർത്തിക്കുന്പോൾ ജാഥ നടത്തിയ ശേഷം രാഹുൽ ഗാന്ധിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കെ സി വേണുഗോപാലും സ്ഥലം വിട്ടു. തുടർന്ന് കെപിസിസി പിടിക്കുന്നതിലും കേരളത്തിലെ കോൺഗ്രസ് പരിപാടികളിലും സജീവമാകുന്നതിലുമായിരുന്നു വേണുഗോപാലിന്റെ ശ്രദ്ധ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തും വർക്കിങ് പ്രസിഡന്റുമാരായും സ്വന്തം ആളുകളെ വച്ചതോടെ പാർട്ടി പരിപാടികളിലെ പ്രധാനി വേണുഗോപാലായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മൂലയ്ക്കിരുത്തുക എന്ന ലക്ഷ്യം ഏതാണ്ട് പൂർത്തിയാക്കി.
ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ ചുമതലയിൽ പുതിയ ആളെ വയ്ക്കുന്നതിനുള്ള ആലോചന ഏതാനും ദിവസം മുന്പ് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ ചർച്ച ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ ഘട്ടത്തിൽ തന്നെ വേണുഗോപാലിനെ കേരളത്തിലേക്ക് വിടുന്നതിനും ധാരണയായെന്നും പറയുന്നു. ബിഹാറിലെ ഫലം കൂടി വന്നതോടെ അക്കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
ബിഹാറിലെ പരാജയ വാർത്ത വന്നയുടനെ സമൂഹമാധ്യമങ്ങളിൽ വേണുഗോപാലിനെതിരെ ട്രോൾ മഴയാണ്. രാഹുലിന് തന്ത്രങ്ങൾ ഉപദേശിച്ച് ഒരു വഴിക്കാക്കിയ വേണുഗോപാൽ കേരളത്തിൽ ക്യാന്പ് ചെയ്യുന്നത് നല്ലതാണ്. ഇവിടെയും കോൺഗ്രസിനെ ഒരു വഴിക്കാക്കും തടുങ്ങി വിമർശങ്ങൾ അനവധിയാണ്. എന്നാൽ, വേണുഗോപാലിന്റെ വരവടക്കം പാർട്ടിയിലെ പുതിയ സംഭവ വികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ളവർ കടുത്ത നീരസത്തിലാണ്.










0 comments