print edition ജുഡീഷ്യൽ സിറ്റി ; എച്ച്‌എംടി ഭൂമി ഏറ്റെടുക്കാൻ അനുമതി തേടി കേരളം

ന്യൂഡൽഹി
പുതിയ ഹൈക്കോടതി മന്ദിരം ഉൾപ്പെടുന്ന നിർദിഷ്‌ട ജുഡീഷ്യൽ സിറ്റിക്കായി കളമശേരിയിലെ എച്ച്‌എംടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. തുടർന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് എച്ച്‌എംടിക്ക് നോട്ടീസയച്ചു.
എച്ച്‌എംടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016ൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് തൽസ്ഥിതി ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇത് നീക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഹൈക്കോടതി രജിസ്‌ട്രാർ വഴി ഭൂമിക്ക് നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 2014ലെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്‌ടപരിഹാരം കണക്കാക്കുക.
കൊച്ചിയിലെ 11 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി മന്ദിരം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണെന്ന് സർക്കാർ പറഞ്ഞു. സെപ്‌തംബർ 25ന് ഭൂമി ഏറ്റെടുക്കാനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അനുമതി നൽകി. 1960ലെ ലാൻഡ് ബാങ്ക് പ്രകാരം സർക്കാർ ഭൂമിയാണിത്. പൊതുമേഖലാ വ്യവസായത്തിനായാണ് എച്ച്‌എംടിക്ക് വിട്ടുനൽകിയത്. എന്നാൽ ഗണ്യമായ ഭാഗം അവർ ഉപയോഗിക്കാതിരുന്നതോടെ 400 ഏക്കർ തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഹൈക്കോടതി ഉത്തരവ് വിഘാതമായി.









0 comments