12 ലക്ഷത്തിലധികം ചതുരശ്രയടി കെട്ടിടം , രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും
കളമശേരിയിൽ ജുഡീഷ്യല്‍ സിറ്റി : 27 ഏക്കർ ഏറ്റെടുക്കും

തിരുവനന്തപുരം
എറണാകുളം കളമശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. എച്ച്എംടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുത്താണ് സിറ്റി സ്ഥാപിക്കുക. പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 2023ലെ മുഖ്യമന്ത്രി–ചീഫ് ജസ്റ്റിസ് വാർഷിക യോഗ തീരുമാന പ്രകാരമുള്ള നടപടികളുടെ തുടർച്ചയാ ണിത്.
ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിൽ 12 ലക്ഷത്തിലധികം ചതുരശ്രയടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവും ഉൾപ്പെടെ 1000 കോടിയിൽപരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കാനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെ ടുത്തി.
നിയമ മന്ത്രി പി രാജീവും ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്. നിലവിലെ ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍നിന്ന് നിർദേശം ഉയര്‍ന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.










0 comments