print edition നടന്നത്‌ വൻ ഗൂഢാലോചന; ബോർഡ്‌ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് മൊഴി

Unnikrishnan Potti
avatar
സ്വന്തം ലേഖകർ

Published on Oct 18, 2025, 02:12 AM | 2 min read

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം മോഷ്‌ടിച്ചതിൽ ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർക്കും പങ്ക്‌. പ്രതിപ്പട്ടികയിൽ രണ്ടുമുതൽ 10 വരെയുള്ള ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർക്ക്‌ കൃത്യത്തിൽ പങ്കുണ്ടെന്ന്‌ പ്രത്യേക അന്വേഷക സംഘം റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിൽ പറഞ്ഞു. വൻ ഗൂഢാലോചനയാണ്‌ നടന്നതെന്നും മുഖ്യപ്രതി തിരുവനന്തപുരം ചിറയിൻക‍ീഴ്‌ പുളിമാത്ത്‌ ഭഗവതി വിലാസത്തിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി (52) രണ്ടുകിലോ സ്വർണമാണ്‌ അപഹരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിയെ കോടതി 14 ദിവസത്തേക്ക്‌ പ്രത്യേക അന്വേഷകസംഘ(എസ്‌ഐടി)ത്തിന്റെ കസ്റ്റഡിയിൽവിട്ടു. റാന്നി ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ആർ സി അരുൺകുമാറാണ്‌ റിമാൻഡ്‌ കാലയളവിൽത്തന്നെ കസ്റ്റഡിയിൽ വിട്ടത്‌. ആറാഴ്‌ചയിൽ അന്വേഷണം പൂർത്തിയാക്കേണ്ട കേസെന്ന നിലയിലാണിത്‌.


വെള്ളി പുലർച്ചെ 2.40ന്‌ തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ രാവിലെ 10.30ന്‌ റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയിലെത്തിച്ചു. ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു നടപടികൾ. റിമാൻഡ്‌ റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും പ്രോസിക്യൂഷൻ സമർപ്പിച്ചു. ഉണ്ണിക്കൃഷ്‌ണൻ പോറ്റി മുഖ്യപ്രതിയായ സമാനമായ കേസിൽ വിശദാന്വേഷണം നടക്കുകയാണെന്ന്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇ‍ൗ കാലയളവിൽ പ്രതിക്ക്‌ എല്ലാ ദിവസവും മെഡിക്കൽ പരിശോധനയ്‌ക്ക്‌ അവസരമൊരുക്കണമെന്ന അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചു. അഭിഭാഷകനുമായി സംസാരിക്കാൻ 10 മിനിട്ട്‌ സമയവും അനുവദിച്ചു.


കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ്‌ ജീപ്പിൽ കയറ്റുന്പോൾ ‘എന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽവരും’എന്ന്‌ പ്രതി വിളിച്ചുപറഞ്ഞു. പകൽ ഒന്നോടെ പത്തനംതിട്ട പൊലീസ്‌ ഹെഡ്‌ ക്വാർട്ടേഴ്‌സിലെത്തിച്ച്‌ അരമണിക്കൂറിനുശേഷം വൻ പൊലീസ്‌ സന്നാഹത്തോടെ പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കേസിലെ രണ്ടു മുതൽ 10 വരെപ്രതികൾ എല്ലാവരം കോൺഗ്രസ്‌ അനുകൂല സംഘടനയുടെ അംഗങ്ങളും പ്രവർത്തകരുമാണ്‌.


3 സംസ്ഥാനങ്ങളിൽ തെളിവെടുപ്പ്


ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി അന്വേഷക സംഘം കർണാടകയിലും തമിഴ്നാട്ടിലും തെലങ്കാനയിലും തെളിവെടുക്കും. 2019 ജൂലൈ 19നും 20നുമായി ഇളക്കിയെടുത്ത ദ്വാരപാലക ശിൽപ്പപാളികളും വാതിൽപ്പടികളും ആദ്യം കൊണ്ടുപോയത് ബംഗളൂരുവിലേക്കാണ്. സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് സ്വർണം ആദ്യം സൂക്ഷിച്ചത്. ഇവിടെ ആദ്യം തെളിവെടുക്കും. അവിടെനിന്ന് പാളികൾ ഹൈദരാബാദിൽ സ്വർണപ്പണിചെയ്യുന്ന നാഗേഷിന്റെ സ്ഥാപനത്തിൽ കൊണ്ടുപോയിരുന്നു. ഇവിടെയും പാളികൾ സ്വർണം പൂശിയ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിലും തെളിവെടുക്കും.

ശിൽപ്പപാളികൾ പ്രദർശിപ്പിക്കുകയും പൂജ നടത്തുകയും ചെയ്‌ത സ്ഥാപനങ്ങളിലും വീടുകളിലും തെളിവെടുക്കും. ബെല്ലാരിയിലെ വ്യവസായി വിനോദ് ജെയിന്റെ വീട്ടിലും അജികുമാർ എന്നയാളുടെ എറണാകുളം വാഴക്കുളത്തെ വീട്ടിലും തെളിവെടുപ്പ് നടത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home