ഇ- നിയമസഭ പദ്ധതി: മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം

fake news media
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2025, 06:20 PM | 2 min read

തിരുവനന്തപുരം : നിയമസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ‘ഇ- നിയമസഭ’ സംബന്ധിച്ച് ചില മാധ്യമങ്ങളിൽവന്ന വാർത്ത വസ്‌തുതാവിരുദ്ധമെന്ന് നിയമസഭാ സെക്രട്ടറിയറ്റ് അറിയിച്ചു. ഹാർഡ്‌വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്‌ചർ വർക്കും നിയമസഭാ സെക്രട്ടറിയറ്റിലും എംഎൽഎ ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയത്. ഇൻഫ്രാസ്ട്രക്‌ചർ വർക്ക്‌ 2023 മാർച്ചിൽ പൂർത്തിയാക്കി കൈമാറി. കരാറനുസരിച്ച് അതിന്റെ തുക മാത്രമാണ് നൽകിയത്. മുൻകൂർ തുക നൽകിയത് ക്രമികരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.


നിയമസഭയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകൾ പൂർത്തിയാക്കി കൈമാറിയത് നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. മറ്റു സോഫ്റ്റ് വെയറുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ഐകെഎമ്മിൽ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. കെ പി നൗഫലിന് അധികച്ചുമതല നൽകുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം അന്തിമഘട്ടത്തിലുമാണ്. സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് ഇതുവരെ പദ്ധതിത്തുകയുടെ 30 ശതമാനം മാത്രമാണ് പാർട്ട് പേയ്മെന്റായി നൽകിയിട്ടുള്ളത്.


ഇൻഫ്രാസ്ട്രക്‌ചർ വർക്കിനായി മുൻകൂർ നൽകിയ തുക ചെലവഴിച്ചതിന്റെ കണക്ക് തിങ്കളാഴ്‌ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി തള്ളിയെന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഈ തുക ചെലവഴിച്ചിട്ടുള്ളതിനാൽ അത് ക്രമീകരിക്കാനുള്ള നടപടി മാത്രമാണ് ഇനി സ്വീകരിക്കാനുള്ളത്. പദ്ധതിക്കായി ലഭ്യമാക്കിയ ഹാർഡ് വെയറുകളുടെ വാറന്റി ഇതുവരെ അവസാനിച്ചിട്ടില്ല. എൻഐസി വികസിപ്പിച്ച അഷ്വറൻസ് ഇംപ്ലിമെന്റേഷൻ ഡെസ്‌കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി പുതിയ സോഫ്‌റ്റ്‌വെയർ നിർമാണഘട്ടത്തിലാണ്.


ഫയൽ നീക്കത്തിനായി ഇ ഓഫീസ്‌ ഉൾപ്പെടെ വിവിധ സോഫ്റ്റ് വെയറുകൾ നിയമസഭയിൽ ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഇപ്പോൾ സഭാ നടപടികൾ നടത്തിവരികയാണ്. ഇനി പൂർത്തിയാക്കാനുള്ള സോഫ്റ്റ് വെയറുകൾ സഭാനടപടികളെ ഒരു തരത്തിലും ബാധിക്കുന്നവയല്ല. ഡാറ്റാ സെന്റർ ഉൾപ്പെടെയുള്ള ഹാർഡ് വെയറുകളുടെ പരിപാലന ചെലവിനത്തിലും നിലവിൽ ഒരു തുകയും യുഎൽസിസിഎസിന് ഇതുവരെ കൈമാറിയിട്ടില്ല.


ഇ- നിയമസഭാ പദ്ധതി ഉൾപ്പെടെയുള്ള നിയമസഭയുടെ എല്ലാവിധ ചെലവിനങ്ങളും ആഭ്യന്തര ഓഡിറ്റിങ്‌ വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും കാലാകാലങ്ങളിലുള്ള ഓഡിറ്റിന് വിധേയമായാണ് നിർവഹിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നത്. ഇ- നിയമസഭാ പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളെല്ലാം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. നിയമസഭാംഗങ്ങൾക്കായുള്ള മൊബൈൽ ആപ് ഉൾപ്പെടെ എല്ലാ മൊഡ്യൂളുകളും എത്രയുംവേഗം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും നിയമസഭാ സെക്രട്ടറിയറ്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home