കുട്ടികൾക്കായി ഇന്റർനെറ്റ്‌ റേഡിയോ; റേഡിയോ നെല്ലിക്കയുമായി ബാലവകാശ കമീഷൻ

radio nellikka
വെബ് ഡെസ്ക്

Published on Jun 14, 2025, 04:32 PM | 2 min read

തലശേരി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. റേഡിയോയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായ് വിജയൻ നിർവഹിക്കും. ലഹരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും മാനസിക സംഘർഷവും ആത്മഹത്യയും വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക്‌ നേർ വഴികാട്ടുന്നതാവും റേഡിയോ നെല്ലിക്ക. ബാലസൗഹൃദം യാഥാർഥ്യമാക്കാനും ബാലാവകാശ സാക്ഷരത ഉറപ്പാക്കാനുമുള്ള ബോധവത്‌കരണവും റേഡിയോവിലുണ്ടാവും.


ബാലനീതി, പോക്സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്താൻ കൂടി റേഡിയോ ലക്ഷ്യമിടുന്നതായി ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ കെ വി മനോജ്‌കുമാർ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ, ഉത്തരവാദിത്തം, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്ന വിജ്ഞാനപ്രദവും ആകർഷകവുമായ ഉള്ളടക്കമാവും റേഡിയോവിൽ. ചർച്ചകൾ, കഥപറച്ചിൽ, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ കുട്ടികളുടെ ശബ്ദത്തിനാവും മുൻഗണന നൽകുക.


കേൾക്കാം കേൾക്കാം കേട്ടുകൊണ്ടിരിക്കാം


ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ 4 മണിക്കൂർ പ്രോഗ്രാമാകും. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതാവിന് ഇഷ്ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാം. രാവിലെ 7 മുതൽ 8 വരെ റൈറ്റ് ടേൺ എന്ന പരിപാടി കുട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. രാവിലെ 8 മുതൽ 9 വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്.


യഥാർത്ഥ ജീവിത കഥകൾ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാൻ ഈ ഫോണിൻ പരിപാടിയിലൂടെ സാധിക്കും. ഇതേ പരിപാടി വൈകിട്ട് 5 മുതൽ 6 വരെ വീണ്ടും ശ്രവിക്കാൻ കഴിയും. ഉച്ചക്ക് 12 മുതൽ 1 വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങൾ പരിഭവങ്ങൾ പ്രയാസങ്ങൾ സന്തോഷങ്ങൾ അനുഭവങ്ങൾ കഥകൾ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന ആകാശദൂത്.


ഉച്ചക്ക് 1 മുതൽ 2 വരെ അങ്കിൾബോസ്‌ ഒരു റേഡിയോ ചാറ്റ് പ്രോഗ്രാം. വിവിധ പ്രായക്കാരായ കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും അഭ്യൂദയകാംഷിയുമാണ് അങ്കിൾ ബോസ്. ഈ പരിപാടിയിൽ കുട്ടികൾക്ക് അങ്കിൾ ബോസിനോട് ചോദ്യങ്ങൾ ചോദിക്കാം അവരുടെ അവകാശങ്ങൾ സംബന്ധിച്ച് ഉപദേശങ്ങൾ തേടാം. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പറയാം സംശയങ്ങൾ സന്തോഷങ്ങൾ എന്നിവക്ക് പരിഹാരം കാണാം.


തുടക്കത്തിൽ സംസ്ഥാനത്തെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. 15397 സ്കൂളുകളിലെയും വിദ്യാർഥികൾ അധ്യാപകർ, പിടിഎ, എസ് പി സി, എൻ എസ് എസ്, സ്കൂൾ ക്ലബുകൾ എന്നിവ വഴിയുമാകും കുട്ടികളിൽ റേഡിയോ എത്തുക. കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമീഷന്റെ റേഡിയോ നെല്ലിക്ക എത്തും. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടികജാതി പട്ടികവർഗ വികസനം, പൊലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണം തേടും.


ആഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസി ൽ ആപ്സ്റ്റോറിൽ നിന്നും റേഡിയോ നെല്ലിക്ക ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേൾക്കാം. പരിപാടിയിലേക്ക് കുട്ടിക്കാല ഓർമകൾ അനുഭവങ്ങൾ സ്കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ഇ-മെയിലായും [email protected], വാട്ട്സാപ്പ് മുഖേനെയും അറിയിക്കാവുന്നതും ഇമ്മിണി ബല്യ കാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന നമ്പറിലേയ്ക്കും വിളിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home