ഡോൾഫിനും മത്സ്യത്തൊഴിലാളികളും
അഷ്ടമുടിയുടെ അഴിമുഖത്ത് അന്താരാഷ്ട്രപഠനം തുടരും

കൊല്ലം : ഡോൾഫിനുകളും മത്സ്യത്തൊഴിലാളികളും അടുത്തിടപഴകുന്ന അഴിമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പഠനം അഷ്ടമുടിയുടെ അഴിമുഖത്ത് രണ്ടുദിവസം കൂടി തുടരും. ശക്തികുളങ്ങര ഭാഗത്ത് ഡ്രോണുകളുടെ സഹായത്തോടെയാണ് പഠനം തുടരുന്നത്. രണ്ടുനേരമുള്ള വേലിയേറ്റവും ഭൗമശാസ്ത്രപരമായ സവിശേഷതയും പാരിസ്ഥിതിക ഘടകങ്ങളും അഷ്ടമുടിയിലെ പഠനങ്ങൾക്ക് മുതൽക്കൂട്ടാകുന്നതായി ഗവേഷകർ പറഞ്ഞു. ഡോൾഫിനുകളുടെയും മത്സ്യത്തൊഴിലാളികളുടെയും ഇടപെടൽ മനസ്സിലാക്കാനുള്ള പഠനത്തിന് കഴിഞ്ഞ ദിവസമാണ് അഷ്ടമുടിക്കായലിൽ തുടക്കമായത്.
നാഷണൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ പിന്തുണയോടെ ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പഠനം . കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്, ബംഗളൂരുവിലെ ദക്ഷിൺ ഫൗണ്ടേഷൻ യൂണിവേഴ്‌സിറ്റി, ഫെഡറൽ ഡി സാന്താ കാറ്ററിന (ബ്രസീൽ), ഓസ്‌ബിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (ഓസ്‌ട്രേലിയ)എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് ഗവേഷണം നടത്തുന്നത്.
ഡോൾഫിനുകളുടെ മുന്നിൽ വീശുവല എറിയുന്ന തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം കിട്ടുന്നുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. തീരക്കടലിൽനിന്ന് ഡോൾഫിനുകൾ അഴിമുഖത്തേക്ക് കടക്കുന്നതോടെയാണ് മത്സ്യത്തൊഴിലാളികളുമായുള്ള സഹകരണത്തിനു തുടക്കമാകുന്നത്. ഡോൾഫിനുകളുടെ സാന്നിധ്യം മനസ്സിലാക്കി തൊഴിലാളികൾ തീരങ്ങളിൽ അരയാൾ പൊക്കം വെള്ളത്തിലാണ് വലയുമായി നിലയുറപ്പിക്കുക. പിന്നീട് വലകൾക്കും ഡോൾഫിനുകൾക്കും ഇടയിൽ അകപ്പെട്ട മത്സ്യങ്ങളെ പിടിച്ചെടുക്കും. ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിൽ വേട്ടയാടുന്ന ഡോൾഫിനുകൾ തീരങ്ങൾ, കടൽഭിത്തികൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽനിന്നാണ് ഇരപിടിക്കുന്നത്. തീരക്കടലിലെ ആവാസവും അഴിമുഖങ്ങളിലേക്ക് ഇരതേടിയുള്ള സഞ്ചാരവുമാണ് ഇവയെ മനുഷ്യനുമായുള്ള അടുത്ത ഇടപെടലുകളിലേക്ക് നയിക്കുന്നത്.
കേരളത്തിൽ എട്ടിനം
പുറംകടൽ ആവാസമാക്കിയ ഡോൾഫിനുകളിൽ കേരളത്തിൽ എട്ട് ഇനമാണ് കണ്ടുവരുന്നത്. ഇതിൽ കടൽത്തീരത്തോടു ചേർന്ന് ആഴംകുറഞ്ഞ ഭാഗങ്ങളിൽ ഹംപ് ബാക്ക് ഡോൾഫിനുകൾ അഥവാ കൂനൻ ഡോൾഫിനുകളാണ് കൂടുതലും ഉള്ളത്.
പ്രിയം കണമ്പ്
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ കാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സമുദ്രസസ്‌തനികളായ ഡോൾഫിനുകൾക്ക് പ്രിയം കണമ്പ് മത്സ്യമാണ്. തീരക്കടലിലും അഴിമുഖങ്ങളിലുമുള്ള മത്സ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കും.







0 comments