print edition എസ്‌എച്ച്‌ഒ മാറ്റം: ലഹരിക്കേസുകൾ ആവിയാകും

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ചുമതലയിൽനിന്ന് (എസ്‌എച്ച്ഒ) ഇൻസ്‌പെക്ടർമാരെ മാറ്റിയതോടെ രാജ്യാന്തരബന്ധമുള്ള ലഹരിക്കേസുകളുടെ അന്വേഷണം വഴിമുട്ടി. സബ് ഇൻസ്‌പെക്ടർമാർക്ക് എസ്‌എച്ച്‌ഒ ചുമതല നൽകുകയും ഇൻസ്‌പെക്ടർമാരെ സിഐമാരായി വിദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്‌തതോടെ പ്രമാദമായ പല ലഹരിക്കേസുകളും അട്ടിമറിച്ചു. എസ്‌എച്ച്‌ഒയായിരുന്ന സ്റ്റേഷൻ ഉൾപ്പെടുന്ന സർക്കിളുകളിൽ ഇവരെ നിയമിച്ചിരുന്നുവെങ്കിൽ തുടരന്വേഷണം നടത്താമായിരുന്നു.
ആഗസ്‌ത് 15 മുതലാണ് ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ സംവിധാനം പൊളിച്ച് സബ് ഇൻസ്‌പെക്ടർമാരെ എസ്‌എച്ച്‌ഒമാരാക്കിയത്. മിക്ക സ്റ്റേഷനുകളിലും രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് കേസുകളുണ്ട്.
പന്തളം സ്റ്റേഷനിൽ നൈജീരിയൻ സ്വദേശി സാമുവൽ ക്ലിഫ്സൺ ഒക്ഫോർ, പെരിനാട് സ്റ്റേഷനിൽ എൽസിന സാന്റൻ സൂസൻ, അങ്കമാലി, പെരുന്പാവൂർ സ്റ്റേഷനുകളിൽ അസം നാഗോൺ സ്വദേശി ഷഫീഖുൽ ഇസ്ലാം, പെരുമ്പാവൂർ സ്റ്റേഷനിൽ തായ്‌ലൻഡിൽനിന്ന് ടൂറിസ്റ്റ് വിസ ഉപയോഗിച്ച് കടത്തിക്കൊണ്ടുവന്ന 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്, വടകര സ്റ്റേഷനിൽ അധ്യാപികമാർ അറസ്റ്റിലായ കേസ്, കാസർകോട് ചന്തേര സ്റ്റേഷനിൽ മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ മുഹമ്മദ് ഹുസൈൻ അറസ്റ്റിലായ എംഡിഎംഎ കേസ് എന്നിവ ചിലതുമാത്രം. വടകരയിൽ ഇൻസ്‌പെക്ടറെ എസ്‌എച്ച്‌ഒയായി നിലനിർത്തിയിട്ടുണ്ടെങ്കിലും കേസന്വേഷിച്ച എ വി ദിനേശിനെ കണ്ണൂർ സർക്കിളിലേക്ക് മാറ്റി.
ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാനെ കൊട്ടിഘോഷിക്കുന്പോഴാണ് ഇത്തരം നടപടികളിലൂടെ കേസന്വേഷണം ദുർബലമാക്കുന്നത്.










0 comments