print edition ഇന്ത്യയിലെ ആദ്യ ട്രാവൽ- ലിറ്റററി ഫെസ്റ്റിവലിന് സമാപനം

വർക്കല: യാത്രയെ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമത്തിന് സാക്ഷ്യം വഹിച്ച് ട്രാവൽ–-ലിറ്റററി ഫെസ്റ്റിവൽ ‘യാന'ത്തിന്റെ ഒന്നാം പതിപ്പ് സമാപിച്ചു. യാത്രയും സാഹിത്യവും ഒത്തുചേർന്ന സമ്പന്നമായ ചർച്ചകൾക്കാണ് വർക്കല സാക്ഷ്യം വഹിച്ചത്. സമാപനദിവസം ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോൺതെക്കയുടെ ഗിത്താർ അവതരണം നടന്നു.
ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാർ, കലാകാരൻമാർ, ഡോക്യുമെന്ററി സംവിധായകർ, വ്ലോഗർമാർ, യാത്രാപ്രേമികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവർ ഫെസ്റ്റിന്റെ ഭാഗമായി. ‘സെലിബ്രേറ്റിങ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ അന്പതിലേറെ പ്രഭാഷകരാണ് പങ്കെടുത്തത്. യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമായി യാനം മാറിയെന്നും പരിപാടിയുടെ ആദ്യ പതിപ്പ് മികച്ച വിജയമായെന്നും ടൂറിസം അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു.
സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്താനാണ് ഫെസ്റ്റ് ലക്ഷ്യമിട്ടത്. വർക്കലയുടെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയെപ്പടുത്തുന്നതിലും യാനം വിജയം കണ്ടു. ഡെസ്റ്റിനേഷൻ വെഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്വ ടൂറിസം കോൺക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയാണ് യാനം ഫെസ്റ്റിവൽ. ഇത്തരമൊരു ആശയം രാജ്യത്തുതന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. സബിൻ ഇക്ബാൽ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.









0 comments