ഓണമെത്തി, ശമ്പളമില്ലാതെ കോഫീഹൗസ് ജീവനക്കാർ

Indian Coffee House
വെബ് ഡെസ്ക്

Published on Sep 04, 2025, 09:08 AM | 1 min read

തൃശൂർ: ഓണത്തിന്‌ ഒരു ദിവസംമാത്രം ശേഷിക്കേ ശമ്പളമില്ലാതെ ഇന്ത്യൻ കോഫീഹ‍ൗസ്‌ ജീവനക്കാർ. ഇന്ത്യൻ കോഫീ ബോർഡ്‌ തൊഴിലാളി സഹകരണസംഘം 4227നു കീഴിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീഹ‍ൗസുകളിലെ ജീവനക്കാർക്കാണ്‌ ഇക്കുറി ഓണം വറുതിയിലായത്‌.


എല്ലാമാസവും പത്താംതീയതിയോടെയാണ്‌ സാധാരണ ശമ്പളം ലഭിക്കാറ്‌. ഇക്കുറി ഓണം ആദ്യവാരമായിട്ടും ശമ്പളവിതരണം നടത്താൻ ഭരണസമിതി സന്നദ്ധമായില്ല. ഓണത്തിന്‌ ശമ്പളം നേരത്തെ ലഭിക്കണമെന്ന്‌ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി തയ്യാറായില്ല. പണമില്ല എന്നാണ്‌ കാരണം പറയുന്നത്‌.


എന്നാൽ, കഴിഞ്ഞമാസത്തെ വിറ്റുവരവായി 7.50 കോടി രൂപ സംഘത്തിന്റെ അക്ക‍ൗണ്ടിലുണ്ട്‌. നാലുകോടിയോളം രൂപയാണ്‌ ശമ്പളത്തിന്‌ വേണ്ടത്‌. ഇതിൽ റിക്കവറി കഴിഞ്ഞ്‌ 2.5 കോടി രൂപ മാത്രമേ വിതരണം ചെയ്യേണ്ടതുള്ളൂ. 10 കോടി രൂപയുടെ ബിസിനസ്‌ ആഗസ്‌തിൽ നടന്നിട്ടുണ്ട്‌.


അക്ക‍ൗണ്ടിൽ ആവശ്യത്തിന്‌ പണമുണ്ടായിട്ടും ഓണത്തിനുമുന്‍പ് ശമ്പളം നൽകാത്തത്‌ ദുരൂഹമാണെന്ന്‌ ജീവനക്കാർ പറഞ്ഞു. ഓണക്കാലമായതോടെ ബിസിനസിൽ വർധന ഉണ്ടായി. ദിവസം 30,000 രൂപയ്‌ക്കുമേൽ കച്ചവടമുണ്ടായിരുന്നത്‌ ഓണക്കാലമായതോടെ 40,000ന്‌ മുകളിലായി. എന്നാൽ‍‍, ഇതിന്റെ ഗുണം ജീവനക്കാർക്ക്‌ ലഭിക്കുന്നില്ല.

വിവിധ ജില്ലകളിലെ 48 കോഫീഹ‍ൗസുകളിലായി 1450 ജീവനക്കാരാണുള്ളത്‌. ഇവർക്കുള്ള ബോണസ്‌ ലേബർ കമീഷണർ നിർദേശിച്ച പ്രകാരം നൽകാനും തയ്യാറായിട്ടില്ല.


ഒരുമാസത്തെ ശമ്പളത്തിന്‌ തുല്യമായ തുക ബോണസായി നൽകണമെന്നാണ്‌ 2024ൽ ലേബർ കമീഷണർ ഉത്തരവിട്ടത്‌. എന്നാൽ 7000 രൂപ മാത്രമാണ്‌ ബോണസായി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home