ഇടുക്കിയിലെ ഇരട്ടക്കൊലപാതകം; അജീഷ് ലഹരിക്കടിമയെന്ന് പൊലീസ്

ആന്റണി, വത്സമ്മ
നെടുങ്കണ്ടം: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ മകൻ അജീഷ് ലഹരിക്കടിമയെന്ന് പൊലീസ്. നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം പ്രതിയായ അജീഷ് (26) ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി 9:30 ഓടെയായിരുന്നു ദാരുണ കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും തുടർന്ന് പ്രകോപിതനായി ഇരുവരെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു നൽകുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോൾ പ്രതി കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.
അജീഷിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി. അജീഷ് സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് വിവരം. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. കടുത്ത മദ്യപാനിയായതിനെ തുടർന്ന് അജീഷിനെ ഡീഅഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. അജീഷിൻ്റെ സഹോദരൻ വിദേശത്താണ്.









0 comments