യുപി സ്വദേശികളുടെ അഞ്ചുമാസമെത്താത്ത കുഞ്ഞിന് സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിൽ ഹൃദയ ശസ്‌ത്രക്രിയ
'ഹൃദ്യം' കാത്തു ; കുഞ്ഞ് രാംരാജ് ജീവിതത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലൂടെ ഹൃദയശസ്ത്രക്രിയ നടത്തിയ അഞ്ചുമാസം പ്രായമുള്ള രാംരാജിന്റെ അച്ഛനമ്മമാരായ രുചിയും ശിശുപാലും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ
രജിത്ത് കാടകം
Published on Oct 12, 2025, 02:26 AM | 1 min read
ബോവിക്കാനം (കാസർകോട്)
ആശുപത്രിയിൽ പ്രാണവായു നിലച്ച് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ എഴുപതോളംപേർ ശ്വാസംമുട്ടി മരിച്ച ഉത്തർപ്രദേശിൽനിന്നാണ് ശിശുപാലും രുചിയും ഉപജീവനം തേടി കേരളത്തിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്‌ച ശ്വാസം നിലയ്‌ക്കാറായ കൈക്കുഞ്ഞ് രാംരാജുമായി മുളിയാർ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ശിശുപാൽ പാഞ്ഞെത്തി.
അഞ്ചുമാസം പോലുമെത്താത്ത കുഞ്ഞിന്റെ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറവ്. അപകടം തിരിച്ചറിഞ്ഞ് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഇടപെട്ട് ആംബുലൻസിൽ പീഡിയാട്രിക് ഐസിയു ഉള്ള കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മുളിയാർ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് അതിവേഗം ആരോഗ്യവകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാർ കരാർ പുതുക്കിയശേഷമുള്ള ആദ്യകേസായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി കുഞ്ഞിനെ സ്വീകരിച്ചു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന ‘ട്രൈക്യൂസ്പിഡ് അട്രേസിയ’ എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്.
യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും രണ്ട് വർഷം മുന്പാണ് കോട്ടൂർ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. കൈകൾ കൂപ്പി കേരളത്തിനും ഇവിടുത്തെ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുകയാണ് ഇവർ. ‘‘കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. അവിടെ ഇത്തരം സംവിധാനങ്ങളൊന്നും പാവങ്ങൾക്കൊപ്പം നിൽക്കാറില്ല. ആർക്കും ഇതേക്കുറിച്ചൊന്നും അറിയുകപോലുമില്ല’’– ശിശുപാലും രുചിയും പറയുന്നു.









0 comments