കേരളം പൊള്ളുന്നു; മൂന്ന് ഡി​ഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

climate change

climate change

വെബ് ഡെസ്ക്

Published on Jan 25, 2025, 03:07 PM | 2 min read

തിരുവനന്തപുരം: കേരളത്തില്‍ ശനിയും ഞായറും സാധാരണ അനുഭവപ്പെടുന്നതിലും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ശാരീരിക അസ്വസ്ഥത ഉണ്ടായേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയത്തും കണ്ണൂരും കഴിഞ്ഞ 24മണിക്കൂറിൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ടു.


ജാഗ്രതാ നിര്‍ദേശങ്ങള്‍


ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.


പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.


നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.


അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.


പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.


പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.


ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.


വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.


വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.


അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.


കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home