കുതിച്ചുപായാൻ മലയോരപാത: റീച്ച് ഒന്ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

പൂക്കോട്ടുംപാടം (മലപ്പുറം): മലയോരത്തിന്റെ വികസനക്കുതിപ്പിന് ഊർജംപകർന്ന് പൂക്കോട്ടുംപാടം–- തമ്പുരാട്ടിക്കല്ല് മലയോരപാത റീച്ച് ഒന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പൂക്കോട്ടുംപാടം എടക്കര തമ്പുരാട്ടിക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമാവുന്നത് അന്തർ സംസ്ഥാന പാതയിലെ ഗതാഗതരക്കുരുക്കിനാണ്. സംസ്ഥാന പാതയിലെ പ്രധാന ടൗണുകളായ വണ്ടൂർ, വടപുറം, നിലമ്പൂർ, ചന്തക്കുന്ന്, ചുങ്കത്തറ, എടക്കര, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിൽ പല സമയങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പൂക്കോട്ടുംപാടം തമ്പുരാട്ടിക്കല്ല് റീച്ച് ഒന്ന് റോഡ് യാഥാർഥ്യമായതോടെ എടക്കരയിൽനിന്ന് ഈ റോഡിൽ പ്രവേശിച്ചാൽ കരുളായി, പൂക്കോട്ടുംപാടം, വാണിയമ്പലം, വണ്ടൂർവഴി മഞ്ചേരിയിലേക്കും പെരിന്തൽമണ്ണയിലേക്ക് പ്രവേശിക്കാനാവും.
57.89 കോടി രൂപ ചെലവിലാണ് കരുളായിവഴിയുള്ള പൂക്കോട്ടുംപാടം തമ്പുരാട്ടിക്കല്ല് റീച്ച് ഒന്ന് പൂർത്തീകരിച്ചത്. 15 കിലോമീറ്ററിലാണ് പാത. പൂക്കോട്ടുംപാടം– മൈലാടി മലയോര ഹൈവേയുടെയും പൂക്കോട്ടുംപാടം കാളികാവ് മലയോര ഹൈവേയുടെയും നിർമാണം അവസാനഘട്ടത്തിലാണ്. 2.30 കോടി രൂപ ചെലവഴിച്ചുള്ള മൈലമ്പാറ ടൗണിന്റെ നവീകരണവും അനുബന്ധ ഒരുകിലോമീറ്റർ റോഡും മന്ത്രി ഉദ്‌ഘാടനംചെയ്‌തു.
പൂക്കോട്ടുംപാടം ടൗണിൽനിന്ന് ഘോഷയാത്രയായാണ് മന്ത്രിയെ ഉദ്ഘാടന വേദിയായ ഗുഡ് വിൽ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കെത്തിച്ചത്. ടൗൺ ജങ്ഷനിൽ നാടമുറിച്ച് റോഡിന്റെ ഉദ്ഘാടനവും തുടർന്ന് തറക്കല്ലിടലും മന്ത്രി നിർവഹിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗം എൻ എ കരീം, അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ അനിതാരാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എം ബിജു, കെ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, ഇ പത്മാക്ഷൻ, വി കെ അനന്തകൃഷ്ണൻ, ഹരിദാസൻ കുന്നുമൽ, കേമ്പിൽ രവി, അഷ്റഫ് മുണ്ടശേരി, കെ സി വേലായുധൻ, കെ രാജ്‌മോഹൻ, എം കുഞ്ഞിമുഹമ്മദ്, ഇ പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ എ ജയ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ യു പി ജയശ്രീ സ്വാഗതവും എക്‌സിക്യുട്ടീവ് എൻജിനിയർ സി എച്ച് അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.









0 comments