print edition ഇറാൻ ചരക്കുകപ്പൽ അപകടം ; കാണാതായ അമലിന്റെ വിവരങ്ങൾ കേന്ദ്രസർക്കാർ ലഭ്യമാക്കണം

കൊച്ചി
ഇറാൻ ചരക്കുകപ്പലിലെ അപകടത്തിൽ കാണാതായ ഡെക്ക് ഓപ്പറേറ്റർ കണ്ണൂർ സ്വദേശി അമൽ കെ സുരേഷുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പൂർണവിവരങ്ങൾ ശേഖരിച്ച് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. കുവൈത്ത് സമുദ്രാതിർത്തിയിൽ സൗദിയുടെ അതിർത്തികൂടി പങ്കിടുന്ന മേഖലയിലുണ്ടായ അപകടത്തിൽപ്പെട്ട മകനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമാകാതെ മാതാപിതാക്കൾ അനുഭവിക്കുന്ന സങ്കടം കാണാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. വീട്ടുകാർ നൽകുന്ന വിവരങ്ങളടക്കം പരിഗണിച്ച് രാജ്യത്തെ നിയമങ്ങളും രാജ്യാന്തര ഉടമ്പടികളും അനുസരിച്ചുള്ള അന്വേഷണ നടപടികൾ സ്വീകരിക്കണം.
2024 സെപ്തംബറിലുണ്ടായ അപകടത്തിലാണ് കണ്ണൂർ ആലക്കോട് വെള്ളാട്ട് കാവുംകുടി കോട്ടയിൽ അമലിനെ കാണാതായത്. വീട്ടുകാർ നൽകിയ ഹേബിയസ് കോർപസാണ് കോടതിയുടെ പരിഗണനയിലുള്ളത്. യുവാവിനെക്കുറിച്ച് ചില സൂചനകൾ മാത്രമാണ് ലഭ്യമായതെന്ന് വീട്ടുകാർ പറയുന്നു. രക്ഷപ്പെടുത്തി സൗദിയിൽ എത്തിച്ചിട്ടുണ്ടാകാമെന്നും അവർ കരുതുന്നു. ഊർജിതമായി അന്വേഷിച്ചിട്ടും യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ, രാജ്യത്തെ പൗരനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാനും കണ്ടെത്താനുമുള്ള ബാധ്യത അധികൃതർക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2024 ജനുവരി 21ന് എർത്ത് ഓഷ്യൻ എന്ന മുംബൈ ഏജൻസി വഴിയാണ് ഇരുപത്താറുകാരനായ അമൽ കരാർ ജീവനക്കാരനായി കപ്പൽ കമ്പനിയിൽ ചേർന്നത്.








0 comments