print edition ‘ഹാൽ’ സിനിമയിൽ ആശങ്ക എന്തിന് ; സെൻസർ ബോർഡിനോട് ഹെെക്കോടതി

കൊച്ചി
‘ഹാല്‍’ സിനിമയിൽ ആശങ്ക എന്തിനെന്ന് സെൻസർ ബോർഡിനോട് ഹെെക്കോടതി. ആശങ്കയുടെ അടിസ്ഥാനത്തില്‍മാത്രം എങ്ങനെ സിനിമയിലെ രംഗങ്ങള്‍ നീക്കംചെയ്യാനാകുമെന്നും സെന്‍സറിങ്ങിന്റെ അടിസ്ഥാനം ആശങ്കയാണോയെന്നും കോടതി ആരാഞ്ഞു. സിനിമയിൽ മതസ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്നും വിവിധങ്ങളായ വേഷത്തിൽ അഭിനേതാക്കൾ വരുന്നത് എങ്ങനെ മതത്തെ വ്രണപ്പെടുത്തുമെന്നും ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു. ബീഫ് ബിരിയാണി കഴിക്കുന്നതടക്കമുള്ള ദൃശ്യങ്ങളിൽ കടുംവെട്ട് നിർദേശിച്ച സെൻസർ ബോർഡിനെതിരെ സിനിമയുടെ നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് (വീര) എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
സിനിമ ലക്ഷ്മണരേഖ ലംഘിച്ചെന്ന് സെൻസർബോർഡ് വാദിച്ചു. മതവികാരത്തെ ബാധിക്കുന്നതാണ് സിനിമയിലെ രംഗം. പൊതുക്രമം പാലിക്കാത്ത സിനിമയിൽ ലവ്ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നു. സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സെൻസർ ബോർഡിന് ബാധ്യതയുണ്ട്. രണ്ട് മതങ്ങള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ശ്രദ്ധവേണ്ടെന്ന് പറയാനാകില്ലെന്നും അവർ വാദിച്ചു. ഹര്‍ജി 14ലേക്ക് വിധിപറയാൻ മാറ്റി.
ഷെയിന്‍ നിഗം നായകനാകുന്ന സിനിമയിൽനിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖികെട്ടൽ തുടങ്ങിയ സംഭാഷണങ്ങളും പരാമര്‍ശങ്ങളും വെട്ടിമാറ്റാനാണ് നിര്‍ദേശം. ഇവ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഹർജിക്കാരുടെ ആവശ്യപ്രകാരം സിനിമ കോടതി കണ്ട് വിലയിരുത്തിയിരുന്നു.









0 comments