print edition സർക്കാർ നടപടിക്ക് അംഗീകാരം ; പൊതുമേഖലയിൽ 543 പേരുടെ സ്ഥിരനിയമനം ശരിവച്ചു

കൊച്ചി
കെൽട്രോൺ, സി-ഡിറ്റ് എന്നിവയടക്കം സംസ്ഥാനത്തെ 10 പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലായി 543 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. പത്തുവർഷത്തിലേറെ തുടർച്ചയായി ജോലി ചെയ്തവരെ സർക്കാർ അനുമതിയോടെ അതത് സ്ഥാപനങ്ങൾ സ്ഥിരപ്പെടുത്തിയതാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ശരിവച്ചത്.
2021 കാലഘട്ടത്തിൽ നടത്തിയ സ്ഥിരപ്പെടുത്തൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. സ്ഥിരപ്പെട്ടവർ 10 വർഷത്തിലേറെ സേവനം ചെയ്തവരും യോഗ്യതയുള്ളവരുമാണെന്ന് കോടതി വിലയിരുത്തി. അതേസമയം ഒറ്റത്തവണത്തേയ്ക്ക് മാത്രമാണ് ഈ ഉത്തരവെന്നും ഇത് കീഴ്‌വഴക്കമാക്കരുതെന്നും കോടതി പറഞ്ഞു. ഭാവിയിൽ എല്ലാ പൊതുനിയമനങ്ങളും സുപ്രീംകോടതിയുടെ ഉമാദേവി കേസിലെ വിധിയും ഭരണഘടന ഉറപ്പാക്കുന്ന തുല്യാവസരവും പാലിച്ചാകണമെന്നും മത്സരപ്പരീക്ഷകൾ മുഖേനയായിരിക്കണം നിയമനമെന്നും നിർദേശം നൽകി. താൽക്കാലിക നിയമനം നിയമവിരുദ്ധമല്ല. ഇത്രയും കാലം സേവനം ചെയ്‌തവരെ അവഗണിക്കുന്നത് ചൂഷണവും തുല്യാവസര നിഷേധവുമാകുമെന്നും കോടതി പറഞ്ഞു.
നിലവിലുള്ളവർ സേവനം അവസാനിപ്പിക്കുന്നതോടെ ബന്ധപ്പെട്ട തസ്തികകൾ ഇല്ലാതാകുമെന്ന സ്ഥാപനങ്ങളുടെ വിശദീകരണവും കോടതി രേഖപ്പെടുത്തി. സർക്കാർനയം പാലിച്ച് സുതാര്യമായാണ് തസ്തികകൾ സ്ഥിരപ്പെടുത്തിയതെന്നും ഹർജിക്കാർക്ക് ഇത് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും സ്ഥാപനങ്ങൾ വാദിച്ചു. തുല്യാവസര അവകാശത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റത്തവണ ഇളവിന് സുപ്രീംകോടതി ഉത്തരവിൽ വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ ആന്റണി മുക്കത്ത് ഹാജരായി.
കെൽട്രോൺ: 296, സി-ഡിറ്റ്: 114, സ്കോൾ കേരള: 54, ഹോർട്ടികോർപ്: 36, കെഎസ്ആർഇസി: 11, കില: 10, കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: 10, ഇൻഡസ്ട്രിയൽ പ്രൊമോഷൻ ബ്യൂറോ: 6, വനിതാ കമീഷൻ: 3, ഫോറസ്റ്റ് ഇൻഡസ്ട്രീസ്: 3 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തിയത്.








0 comments