പാലക്കാട് നഗരസഭയിൽ ആര്‍എസ്എസ്, ബിജെപി അഴിഞ്ഞാട്ടം; പ്രതിഷേധമുമായി സിപിഐ എം

പാലക്കാട്: നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്‌എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാർക്കുനേരെ ആർഎസ്‌എസ്, യുവമോർച്ച ആക്രമിച്ചതിൽ പ്രതിഷേധവുമായി സിപിഐ എം. പാലക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ചൊവ്വ രാവിലെ കൗൺസിൽ യോഗത്തിനിടെയായിരുന്നു ബിജെപി ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പുറത്ത് നിന്നെത്തിയവരും ചേർന്ന് വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. പരിക്കേറ്റ സിപിഐ എം കൗൺസിലർ സലീന ബീവിയടക്കം നാല് പ്രതിപക്ഷ കൗൺസിലർമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പകൽ 11.30ന് കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ കെട്ടിടത്തിന് ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിനെതിരെ പ്രതിപക്ഷം പോസ്റ്ററുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ബഹളത്തിനിടെ ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കൗൺസിൽ അംഗീകരിച്ചതായി ചെയർപേഴ്‌സൺ അറിയിച്ചു. ചെയർപേഴ്‌സണുമായി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. തുടർന്നാണ് ആർഎസ്‌എസ്, യുവമോർച്ച പ്രവർത്തകർ കൗൺസിലർമാരെ അക്രമിച്ചത്.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നഗരസഭയ്ക്കുമുന്നിൽ പ്രതിഷേധിച്ചു. തുടർന്നുനടത്തിയ ചർച്ചയിൽ അക്രമികളെ ഉടൻ അറസ്റ്റ്‌ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയിരുന്നു.









0 comments