print edition ചരക്കുവാഹനങ്ങളിലെ അമിതഭാരം നിയന്ത്രിക്കും ; മാർഗരേഖ തയ്യാറാക്കി സർക്കാർ

കൊച്ചി
ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള വാഹനചരക്കുനീക്കം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ മാർഗരേഖ തയ്യാറാക്കി. ദേശീയപാതകളിലെ ടോൾ പ്ലാസകൾക്കുസമീപം വാഹനങ്ങളുടെ ഭാരം പരിശോധിക്കും. ഭാരം കൂടുതലെന്ന് സംശയമുള്ള വാഹനങ്ങളെ വെയ് ബ്രിഡ്ജിൽ കയറ്റി കൃത്യത ഉറപ്പാക്കും.
അമിതഭാരം കണ്ടെത്തിയാൽ 20,000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപവീതവും പിഴ ഈടാക്കും. വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴ ബാധകമാണ്. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമുതൽ ആറുമാസംവരെ സസ്പെൻഡ് ചെയ്യും. 24 മാസത്തിനിടെ മൂന്നിലധികം തവണ കുറ്റംചെയ്താൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. 25 ശതമാനത്തിലധികം അധികഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിങ്ങായി കണക്കാക്കി അപ്പോൾത്തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
അധികമുള്ള ചരക്ക് 24 മണിക്കൂറിനുള്ളിൽ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കിയശേഷമേ വാഹനം വിട്ടുനൽകൂ. ചരക്ക് മാറ്റി കയറ്റാൻ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കും. മോട്ടോർ വാഹനവകുപ്പ്, പൊലീസ്, ദേശീയപാത അതോറിറ്റി, ഖനന-ഭൂഗർഭ വകുപ്പ്, വനംവകുപ്പ്, പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായി ഇതിനായി പ്രവർത്തിക്കും. ക്വാറികളിലും തുറമുഖങ്ങളിലും കൃത്യമായ ഭാരപരിശോധന ഉറപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മാർഗരേഖയിലുണ്ട്.
തീരുമാനങ്ങൾക്ക് വ്യാപക പ്രചാരണം നൽകണമെന്നും നിർദേശങ്ങൾ നടപ്പാക്കിയതുസംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. ചരക്കുവാഹനങ്ങൾ അമിതഭാരം കയറ്റുന്നതുമൂലമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.










0 comments