print edition പാതിയിൽ പൊഴിയുമോ നാളെയുടെ തണൽ; നട്ടുപിടിപ്പിച്ചത് 86,33,981 തൈകൾ

സുധ സുന്ദരന്‍
Published on Jul 27, 2026, 12:00 AM | 1 min read
മലപ്പുറം: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളില്ലാതെ ഹരിത കേരളം മിഷൻ പദ്ധതികൾ അനിശ്ചിതത്വത്തിലാവുമ്പോൾ ‘ഒരു തൈ നടാം’ വൃക്ഷവൽക്കരണ ക്യാമ്പയിൻ ഭാഗമായി നട്ട 86,33,981 തൈകളുടെ പരിപാലനവും പ്രതിസന്ധിയിലാവുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ ഹരിതകേരളം മിഷൻ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് നാലുമാസം (ജൂൺ അഞ്ചുമുതൽ സെപ്തംബർ 30വരെ) നീളുന്ന രീതിയിലാണ് ക്യാമ്പയിൻ നടപ്പാക്കിയത്.
സംസ്ഥാനത്തെ വിവിധ പൊതുസ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമായാണ് തൈകൾ നട്ടത്. വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, ജീവനക്കാരുടെ സംഘടനകൾ, കുടുംബശ്രീ, ഹരിതകർമ സേന അംഗങ്ങൾ, എൻഎസ്‌എസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിൽ ഏറ്റവും കൂടുതൽ തൈകൾ നട്ടത് മലപ്പുറത്താണ്. 11,07,503 തൈകൾ. നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്താൻ ഹരിതകേരളം മിഷൻ നേതൃത്വത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷർ, പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിപാലന സമിതികളും രൂപീകരിച്ചിരുന്നു.
എന്നാൽ പുതിയ സർക്കാരിൽനിന്ന് മിഷൻ പ്രവർത്തനങ്ങൾ തുടരാനുള്ള നിർദേശം ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം മിഷൻ ജില്ലാ കോ–ഓർഡിനേറ്റർമാരും റിസോഴ്‌സ് പേഴ്‌സൺമാരും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതോടെ മിഷൻ മുഖേന നടപ്പാക്കിയിരുന്ന പദ്ധതികളും പാതിയിൽ ഉപേക്ഷിച്ചനിലയിലാണ്. വൃക്ഷവൽക്കരണ ക്യാമ്പയിൻ തുടർ നടപടിയും അനശ്ചിതത്വത്തിലാണ്.










0 comments