‘ആർത്തവം കൃത്യം, വയറ്റിൽ കൊഴുപ്പടിഞ്ഞതെന്ന് പെൺകുട്ടി'; ചോരക്കുഞ്ഞിനെ പുറത്തെറിഞ്ഞ സംഭവത്തിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശൗചാലയത്തിൽ പത്തൊമ്പതുകാരി പ്രസവിക്കുകയും, കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രംഗത്ത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുത്ത വയറുവേദനയും നടുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ താൻ ഗർഭിണിയാണെന്ന കാര്യം പെൺകുട്ടി ഡോക്ടർമാരിൽ നിന്നും പൂർണമായും മറച്ചുവെക്കുകയായിരുന്നു.
ചികിത്സക്കെത്തിയ സമയത്ത് ആർത്തവ സംബന്ധമായ കടുത്ത വേദനയെന്നാണ് പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ വയറ് കണ്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും സംശയം തോന്നിയിരുന്നു. ആർത്തവം മുടങ്ങിയിട്ടുണ്ടോ എന്ന് അവർ ആവർത്തിച്ച് ചോദിച്ചെങ്കിലും, ഇല്ലെന്നും താൻ ഗർഭിണിയല്ല എന്ന ഉറച്ച നിലപാടിലുമായിരുന്നു പെൺകുട്ടി. തനിക്ക് ആർത്തവം കൃത്യമാണെന്നും, വയറ്റിൽ കൊഴുപ്പടിഞ്ഞതാണെന്നും, മുൻപ് സ്കാൻ ചെയ്തപ്പോൾ അങ്ങനെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നുമാണ് കുട്ടി ഡോക്ടർമാരെ ധരിപ്പിച്ചത്.
പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ഒബ്‌സർവേഷനിൽ കഴിയുകയായിരുന്ന പെൺകുട്ടി കാഷ്വാലിറ്റിയിലെ ശൗചാലയത്തിൽ കയറി പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം വിവരം ആരോടും പറയാതെ, നവജാത ശിശുവിനെ ശൗചാലയത്തിന്റെ വെന്റിലേറ്റർ ജനലിലൂടെ കുട്ടി പുറത്തേക്ക് എറിഞ്ഞു. പിന്നീട് ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
ആശുപത്രി ജീവനക്കാർ ഉടൻ തന്നെ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകുകയും, അമ്മയെയും പെൺകുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
എറണാകുളത്ത് പഠിക്കുന്ന പെൺകുട്ടി താൻ ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.










0 comments