print edition സഹപ്രവർത്തകരെ കുരുക്കൽ, ക്രിമിനലിസം; ആർഎസ്‌എസിന്റെ ക്രൂരമുഖം പുറത്ത്

തിരുവനന്തപുരം: സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ക്രിമിനൽ വികൃതമുഖമാണ് ആർഎസ്‌എസിനും ബിജെപിക്കുമെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങൾ. രാഷ്‌ട്രീയ എതിരാളികളെ ആക്രമിച്ചിരുന്നവർ സഹപ്രവർത്തകരെയാണ് ഇപ്പോൾ കുരുക്കിലാക്കുന്നത്.

അടുത്തിടെ പ്രമുഖരായ മൂന്നുപേരാണ് ആർഎസ്‌എസിനും ബിജെപിക്കുമെതിരെ കത്തെഴുതിവച്ച് ജീവനൊടുക്കിയത്. കഴിഞ്ഞദിവസങ്ങളിലെ നീചമായ നിരവധി സംഭവങ്ങളിലും സംഘപരിവാറുകാർ പ്രതിക ളാണ്. കൂടെ താമസിച്ചുവന്ന യുവതിയെ മുറിയിൽ അടച്ചിട്ട് ഭീകരമായി മർദിച്ചതിന് അറസ്‌റ്റിലായ ഗോപു പരമശിവൻ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. എളമക്കരയിൽ 12വയസ്സുള്ള മകനെ ഒരുരാത്രിമുഴുവൻ അടിച്ചതിന് അറസ്‌റ്റിലായ യുട്യൂബറായ യുവതിയും സുഹൃത്തും സൈബറിടത്തിലെ സംഘപരിവാര മുഖമാണ്. അമ്മയ്‌ക്കൊപ്പം കിടക്കണമെന്ന് പറഞ്ഞ കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും തല വാതിലിൽ ഇടിപ്പിക്കുകയുംചെയ്‌തത് സുഹൃത്തായ വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവനാണ്.
തിരുവനന്തപുരം മംഗലപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ടു ചോദിക്കാൻ വീട്ടിലെത്തിയ രാജു എന്ന ബിജെപി പ്രവർത്തകൻ സ്‌ത്രീയെ കയറിപ്പിടിച്ചത് ശനിയാഴ്‌ചയാണ്. വട്ടിയൂർക്കാവിൽ ഗർഭിണിയായ ദളിത് യുവതിയെ വീടുകയറി ആക്രമിച്ചത് ഇരുപതംഗ ആർഎസ്‌എസ് സംഘമാണ്. പാലത്തായി സ്‌കൂളിൽ ശിഷ്യയെ പീഡിപ്പിച്ച കേസിൽ മരണംവരെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പത്മരാജൻ ബിജെപി നേതാവാണ്.
ആർഎസ്‌എസ് ക്യാന്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കോട്ടയം എലിക്കുളം സ്വദേശി അനന്തു അജിയുടെ ‘ഒരിക്കലും ആർഎസ്‌എസ് ആകരുത്’ എന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. തിരുവനന്തപുരം തൃക്കണ്ണപുരത്ത് ജീവനൊടുക്കിയ ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തമ്പിയും ആർഎസ്‌എസ് ആകുന്നതിലെ അപകടത്തെക്കുറിച്ചാണ് പറഞ്ഞത്. ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലും ജീവനൊടുക്കിയത് ബിജെപിക്കാർ ചതിച്ചതിനാലാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിന് നെടുമങ്ങാട്ട് മഹിളാമോർച്ച നേതാവായ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതും കഴിഞ്ഞദിവസമാണ്.









0 comments