സെൻസർ ബോർഡിന്റെ ഹിന്ദുത്വ അജൻഡ ; ഹാലിന് കടുംവെട്ട് : ഹർജി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി
‘ഹാൽ' സിനിമയിൽനിന്ന് ബീഫ് ബിരിയാണിയടക്കമുള്ള ഭാഗങ്ങൾ വെട്ടണമെന്ന സെൻസർ ബോർഡ് നിർദേശത്തെ ചോദ്യംചെയ്‌ത് സംവിധായകനും നിർമാതാവും നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കും. ഷെയ്‌ൻ നിഗത്തെ നായകനായി ജെവിജെ പ്രൊഡക്‌ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയിൽനിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തരശത്രുക്കൾ, ഗണപതിവട്ടം തുടങ്ങിയ 19 ഭാഗങ്ങൾ നീക്കണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. വിശദീകരണം സമർപ്പിക്കാൻ കേന്ദ്രസർക്കാരും സെൻസർ ബോർഡും സമയം തേടിയതിനെ തുടർന്ന് ജസ്‌റ്റിസ് വി ജി അരുൺ ഹർജി മാറ്റുകയായിരുന്നു.
സിനിമയിലെ നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വെട്ടിമാറ്റാൻ ആവശ്യപ്പെടുന്നതെന്ന് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ വീര (മുഹമ്മദ് റഫീഖ്) എന്നിവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡ് പുനഃപരിശോധന സമിതി നിർദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നും വാദിച്ചു. തിരിച്ചറിയാതിരിക്കാൻ നായിക ശിരോവസ്ത്രം ധരിക്കുന്ന ദൃശ്യവും ഒഴിവാക്കണമെന്നാണ് പറയുന്നത്. കലോത്സവങ്ങളിലടക്കം ഉപയോഗിക്കുന്ന വസ്ത്രത്തെ മുസ്ലിം വസ്ത്രമാണെന്നാണ് സെൻസർ ബോർഡ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.
കോടികൾ മുടക്കി നിർമിച്ച സിനിമ സെപ്തംബർ 10ന് റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മൂന്നുതവണ പ്രദർശനം മാറ്റിവച്ചു. റിലീസ് നീണ്ടുപോകുന്നതിനാലുള്ള സാമ്പത്തികനഷ്ടം പരിഗണിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഇത്തരം ഒട്ടേറെ പരാതികൾ എത്തുന്നുണ്ടല്ലോയെന്ന് ചോദിച്ച കോടതി വെള്ളിയാഴ്ചതന്നെ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.









0 comments