പശ്ചിമേഷ്യ സംഘർഷം
'ഇനി കാലും പൊള്ളും'; സംസ്ഥാനത്ത് ചെരുപ്പുകളുടെ വില വർധിക്കുന്നു

കോഴിക്കോട്: ഇനി ചെരുപ്പുകളും കൈ പൊള്ളിക്കും. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വില വർധനവിന് പിന്നാലെ സംസ്ഥാനത്ത് ചെരുപ്പുകളുടെ വില വർധിപ്പിക്കുന്നു. പാദരക്ഷകളുടെ വിലയിൽ 10 ശതമാനം വർധന വരുത്താൻ തീരുമാനിച്ചതായി ഫൂട്വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്വെയർ ഇൻഡസ്ട്രി എന്നീ സംഘടനകൾ വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങളും ആഗോളപ്രതിസന്ധിയും കാരണം പാദരക്ഷാ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. സിന്തറ്റിക് റെക്സീൻ റബർ, പിവിസി, ഇവിഐ, നൂൽ, വിവിധയിനം കെമിക്കലുകൾ, പാക്കിങ് മെറ്റീരിയലുകൾ എന്നിവയ്ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിലക്കയറ്റവും ക്ഷാമവും നേരിടുന്നുണ്ട്. നേരത്തെ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതി ഇളവ് ഒഴിവാക്കിയതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയതായി സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവിൽ ഉൽപാദനചെലവ് താങ്ങാവുന്നതിലും അധികമായതിനാൽ വ്യവസായത്തേയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. വ്യവസായികളെയും തൊഴിലാളികളെയും തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഇടപെടലുണ്ടാകണമെന്ന് വികെസി റസാക്ക്, രജിത് മുല്ലശേരി, ഷമേജ് കൊല്ലമ്പലത്ത്, കെ വി ഷംസുദ്ദീൻ, കെപിഎ റഹീം, സി അഖിലേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെട്രോളിയം അധിഷ്ഠിതമായ അസംസ്കൃത വസ്തുക്കൾ
ചെരുപ്പുകളുടെ സോൾ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ പലതും പെട്രോളിയം അധിഷ്ഠിതമാണ്. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തെയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയെയും ബാധിച്ചതോടെ ഇത്തരം വസ്തുക്കളുടെ വില ഉയർന്നു. ലോകത്തെ പോളിയെത്തിലീൻ കയറ്റുമതിയുടെ 40 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽനിന്നാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിലെ തടസ്സങ്ങൾ ആഗോള പെട്രോകെമിക്കൽ വിപണിയിലും വിലക്കയറ്റത്തിന് കാരണമായി. ഇതിനുപുറമെ, പെട്രോളിയം അധിഷ്ഠിത അസംസ്കൃത വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ നേരത്തേ അനുവദിച്ചിരുന്ന നികുതി ഇളവ് പിൻവലിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.







0 comments